INA ഹീറോ വക്കം ഖാദറിന്റെ 109-ാം ജന്മദിനം: “ആസാദി ജ്വാല പ്രയാൺ” സംസ്ഥാനതല ഉദ്ഘാടനം നടന്നു

തിരുവനന്തപുരം: INA ഹീറോയും ധീര രക്തസാക്ഷിയുമായ വക്കം ഖാദർയുടെ 109-ാം ജന്മദിനത്തോടനുബന്ധിച്ച് നാലുമാസം നീണ്ടുനിൽക്കുന്ന വിപുലമായ അനുസ്മരണ-സ്വാതന്ത്ര്യ സ്മരണ പരിപാടികൾക്ക് രൂപം നൽകി INA ഹീറോ വക്കം ഖാദർ അനുസ്മരണ വേദി. മെയ് 25 മുതൽ വക്കം ഖാദറിന്റെ രക്തസാക്ഷി ദിനമായ സെപ്റ്റംബർ 10 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്ന “ആസാദി ജ്വാല പ്രയാൺ” സംസ്ഥാനതല ഉദ്ഘാടനം തോന്നയ്ക്കലിലെ കുമാരനാശാൻ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ൽ നടന്നു.
കേരള കാർഷിക വകുപ്പ് മന്ത്രി ടി. സിദ്ദിഖ് മഹാകവി കുമാരനാശാൻയുടെ പ്രതിമയ്ക്ക് മുന്നിൽ ദീപശിഖ കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. അനുസ്മരണ വേദി ചെയർമാൻ എം. എ. ലത്തീഫിന് ദീപശിഖ കൈമാറിയാണ് “ആസാദി ജ്വാല പ്രയാൺ” ഔദ്യോഗികമായി ആരംഭിച്ചത്.
വക്കം ഖാദറിന്റെ അവസാന നിമിഷങ്ങൾ പോലും മതസൗഹാർദ്ദത്തിന്റെ മഹത്തായ സന്ദേശമാണ് പുതുതലമുറയ്ക്ക് നൽകുന്നതെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. തനിക്ക് വധശിക്ഷ നടപ്പാക്കുമ്പോൾ ഒപ്പമൊരു ഹൈന്ദവ സഹോദരനും ഉണ്ടായിരിക്കണമെന്ന വക്കം ഖാദറിന്റെ ആഗ്രഹം അതിരുകളില്ലാത്ത മതേതരത്വത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കൽ, സ്വാതന്ത്ര്യ സമര ചരിത്രത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന സെമിനാറുകൾ, സ്വാതന്ത്ര്യ സാഗര സംഗമങ്ങൾ, സ്വാതന്ത്ര്യ സമര ഭൂമികളിലെ ഓർമ്മ പുതുക്കൽ പരിപാടികൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നാല് മാസക്കാലയളവിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അനുസ്മരണ വേദി ചെയർമാൻ എം. എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്ദ് എസ്, സമിതി ഭാരവാഹികളായ സഞ്ജു, പ്രൊഫ. സൈനുദ്ദീൻ, അജയരാജ് ബി.സി, എസ്.ഐ ഉറൂബ്, എം.എച്ച്.എസ് അധ്യാപകൻ സരിൻ, ഡോളി, ബാബു എഡ്വിൻ, ഷാനുരാജ് തോന്നയ്ക്കൽ, ഇടവിളാകം ഷംനാദ്, പി.സി മുനീർ, ഭരത് കൃഷ്ണ, പോത്തൻകോട് ഷാജി, നസീർ തോന്നയ്ക്കൽ, റാഫി തോന്നയ്ക്കൽ, ബൈജു പതിനാറാം മൈൽ, കമാൽ പയറ്റുവിള, മുജീബ് കല്ലൂർ, താസിം കല്ലൂർ, സിയാം ഗാന്ധിനഗർ, ഗോപൻ ഗാന്ധിനഗർ, തുളസി ഗാന്ധിനഗർ, സജീവ് ഗാന്ധിനഗർ, നാസർ, കടവിളാകം നിസാം, ജാഫർ, കല്ലുമൂട് റഫീഖ്, സജാദ് സാംസൺ, വിഷ്ണു മുദാക്കൽ, സനദ്, അക്രം, സജാദ്, തൗസീഫ്, ഷജീർ ജന്മിമുക്ക്, ആബിദ്, ഹലീൽ ജന്മിമുക്ക്, സിറാജ് തലമുക്ക്, സാജൻ, തെക്കേമുക്ക് വിഷ്ണു, ഷൈജു കോരാണി തുടങ്ങിയവർ സംസാരിച്ചു.



