ഒബിസി ക്രീമിലെയർ കേസിൽ സുപ്രീം കോടതി നിരീക്ഷണം; സംവരണ മാനദണ്ഡങ്ങളിൽ നിർണായക ചർച്ച

ന്യൂഡൽഹി: ഒബിസി സംവരണത്തിലെ ‘ക്രീമിലെയർ’ മാനദണ്ഡങ്ങളെ കുറിച്ച് സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങൾ ദേശീയതലത്തിൽ വലിയ ചർച്ചയ്ക്കിടയാക്കി. സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നേറിയ കുടുംബങ്ങളിലെ കുട്ടികൾക്ക് തുടർന്നും സംവരണ ആനുകൂല്യങ്ങൾ നൽകണോ എന്ന ചോദ്യമാണ് സുപ്രീം കോടതി ഉയർത്തിയത്.
ജസ്റ്റിസ് ബി.വി. നാഗരത്നയും ജസ്റ്റിസ് ഉജ്ജൽ ഭുയാനും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കവെ നിർണായക പരാമർശങ്ങൾ നടത്തിയത്.
“മാതാപിതാക്കൾ രണ്ടുപേരും ഐഎഎസ് ഓഫീസർമാരാണെങ്കിൽ പിന്നെ എന്തിനാണ് അവർക്ക് സംവരണം? വിദ്യാഭ്യാസവും സാമ്പത്തിക ശക്തീകരണവും ഉണ്ടാകുമ്പോൾ സാമൂഹിക മുന്നേറ്റവും സംഭവിക്കുന്നു. അപ്പോഴും അടുത്ത തലമുറ വീണ്ടും സംവരണം ആവശ്യപ്പെടുകയാണെങ്കിൽ, നമുക്ക് ഒരിക്കലും ഈ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ സാധിക്കില്ല,” ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു.
കർണാടകയിലെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുറുബ സമുദായക്കാരനായ ഒരു ഉദ്യോഗാർഥിയുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്ക് ഒബിസി സംവരണ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥിക്ക് ‘ക്രീമിലെയർ’ പരിധിയിൽ വരുന്നു എന്ന കാരണത്താൽ ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് കേസ് കോടതിയിലെത്തിയത്.
ഹർജിക്കാരന്റെ കുടുംബ വാർഷിക വരുമാനം ഏകദേശം 19.48 ലക്ഷം രൂപയാണെന്നും മാതാപിതാക്കൾ സർക്കാർ ഉദ്യോഗസ്ഥരാണെന്നും അധികൃതർ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണ ആനുകൂല്യം നിഷേധിച്ചത്.
എന്നാൽ, സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ ശമ്പള വരുമാനം മാത്രം ക്രീമിലെയർ നിർണ്ണയത്തിനുള്ള മാനദണ്ഡമാക്കാനാകില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ശശാങ്ക് രത്നു കോടതിയിൽ വാദിച്ചു. മാതാപിതാക്കളുടെ ഔദ്യോഗിക പദവിയും സേവന ശ്രേണിയും പരിഗണിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ശമ്പളം മാത്രം മാനദണ്ഡമാക്കുകയാണെങ്കിൽ താഴ്ന്ന തസ്തികകളിൽ ജോലി ചെയ്യുന്ന നിരവധി സർക്കാർ ജീവനക്കാരും സംവരണത്തിന് പുറത്താകേണ്ടിവരും,” എന്നായിരുന്നു വാദം.
വിഷയത്തിൽ കൂടുതൽ വിശദമായ പരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഹർജിയിൽ നോട്ടീസ് പുറപ്പെടുവിച്ചു.
1993-ലെ കേന്ദ്ര സർക്കാർ ഓഫീസ് മെമ്മോറാണ്ടവും കർണാടക ഹൈക്കോടതി വിധിയും ഉൾപ്പെടെയുള്ള വിഷയങ്ങൾ കേസ് പരിഗണനയിൽ പ്രധാനമായി ഉയർന്നിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരെയാണ് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്.



