പരാതിക്ക് പ്രതികാരം; മുട്ടത്തറ സ്വദേശിയെ വധിക്കാൻ ശ്രമിച്ച ‘മാക്കാൻ വിഷ്ണു’ അറസ്റ്റിൽ

തിരുവനന്തപുരം : പൂന്തുറ തനിക്കെതിരെ പോലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യം കാരണം യുവാവിനെ മാരകമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ ശിവജി ലെയ്നിൽ പുതുവൽ പുത്തൻവീട്ടിൽ വിഷ്ണു (27) ആണ് പിടിയിലായത്. ‘മാക്കാൻ വിഷ്ണു’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ മെയ് (23)ന് വൈകീട്ട് 5.30-ഓടെ ബീമാപള്ളി വാർഡിലെ ജവഹർപള്ളിക്ക് സമീപമായിരുന്നു സംഭവം.
പ്രതിക്കെതിരെ മുൻപ് പോലീസിൽ പരാതി നൽകിയ ആളോട് വഴിയിൽ വച്ച് ഇയാൾ തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് അസഭ്യവർഷം നടത്തുകയും തടിക്കഷണവും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് കേസ്.പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾക്കെതിരെ മുൻപും നിരവധി ആക്രമണ കേസുകൾ നിലവിലുണ്ട്. ഫോർട്ട് പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ (RHS) ഉൾപ്പെട്ട കുപ്രസിദ്ധ കുറ്റവാളിയാണ് പിടിയിലായ വിഷ്ണുവെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



