വീണ്ടും മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക്; കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്ന് ആർ. പ്രശാന്ത്

തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിൽ വീണ്ടും സ്റ്റേഷൻ ചാർജ്ജ് ഏറ്റെടുത്തതായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത് അറിയിച്ചു. 2009-ൽ സ്റ്റേഷൻ ചുമതല വഹിച്ചിരുന്ന അതേ സ്റ്റേഷനിലേക്കാണ് വീണ്ടും നിയമനം ലഭിച്ചതെന്നും, ഇപ്പോൾ തോളിലെ നക്ഷത്രങ്ങളുടെ എണ്ണം ഒരെണ്ണം കൂടി എന്നതാണ് പ്രധാന വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം സ്ഥലംമാറ്റം ലഭിക്കുന്ന ആദ്യ പോലീസ് ഇൻസ്‌പെക്ടറാകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളിൽ പോലെ തന്നെ നിർഭയമായും സത്യസന്ധമായും പ്രവർത്തിക്കുമെന്നും, സ്റ്റേഷനിലെത്തുന്ന സാധാരണ പൗരന് നീതി ഉറപ്പാക്കുക എന്നതാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ പോലീസുദ്യോഗസ്ഥരുടെ പ്രശ്നപരിഹാരത്തിനും ക്ഷേമത്തിനുമായി തുടർന്നും ശക്തമായി പ്രവർത്തിക്കുമെന്നും ആർ. പ്രശാന്ത് പറഞ്ഞു. എന്തുതരത്തിലുള്ള പ്രതിസന്ധികളും വ്യാജപ്രചരണങ്ങളും ഉണ്ടായാലും കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം ചേർന്നുനിന്ന് മുന്നോട്ടുള്ള യാത്ര തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള ഗവർണർ, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖർക്കും ലോക്ഭവൻ മുതൽ സിറ്റി കോർപറേഷൻ വരെയുള്ള പ്രധാന സ്ഥാപനങ്ങൾക്കും സുരക്ഷാ ചുമതല നിർവഹിക്കാനുള്ള അവസരം തന്റെ കാര്യക്ഷമതയ്ക്കുള്ള അംഗീകാരമായി കാണുന്നതായും അദ്ദേഹം പറഞ്ഞു.
“ജീവിതത്തിലെ ഒരനുഭവം മോശമാണെന്ന് കരുതി നിങ്ങളുടെ കഥ അവസാനിക്കുന്നില്ല” എന്ന ബുദ്ധവചനം ഉൾക്കൊണ്ടാണ് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുന്നതെന്നും ആർ. പ്രശാന്ത് കുറിച്ചു.



