നവകേരള സദസ് മർദ്ദനക്കേസ്; മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ നടപടി സാധ്യത

തിരുവനന്തപുരം: നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനടക്കമുള്ളവർ മർദ്ദിച്ചെന്ന കേസിൽ നിർണായക വഴിത്തിരിവ്. പ്രത്യേക അന്വേഷണസംഘം തയ്യാറാക്കിയ ആദ്യ പുനരന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന.
ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരാണ് കേസിലെ പ്രതികൾ. പ്രതിഷേധക്കാരെ മർദ്ദിച്ച സംഭവത്തിൽ ഇവർക്കെതിരായ തെളിവുകളും മൊഴികളും അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടാണ് അന്വേഷണസംഘം സമർപ്പിക്കുന്നത്.
അതേസമയം, കേസ് ഡയറിയിൽ തിരുത്തൽ വരുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണം തുടരുകയാണ്. കൂടുതൽ മൊഴികൾ രേഖപ്പെടുത്തിയ ശേഷമേ ആ റിപ്പോർട്ട് സമർപ്പിക്കുകയുള്ളൂ എന്നാണ് വിവരം. അതിനാൽ ആ റിപ്പോർട്ട് വൈകാനിടയുണ്ടെന്നും സൂചനയുണ്ട്.
നവകേരള സദസ്സിനിടെ ഉണ്ടായ ആക്രമണസംഭവം വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നതിനിടെയാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത്.



