സ്ത്രീകൾക്ക് സൗജന്യ യാത്ര! ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ഉറപ്പ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാലും ജീവനക്കാരുടെ ശമ്പളവും പെൻഷനും യഥാസമയം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി C. P. John വ്യക്തമാക്കി. ശമ്പളവും പെൻഷനും സൗജന്യ യാത്രാ പദ്ധതിയുമായി സാമ്പത്തികമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി പറഞ്ഞു.

സർക്കാരിന്റെ പ്രത്യേക പദ്ധതിയായ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയ്ക്ക് വ്യക്തമായ സാമ്പത്തിക ആസൂത്രണം തയ്യാറാക്കിയിട്ടുണ്ടെന്നും, ജീവനക്കാർക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി. എല്ലാ മാസവും ഒന്നാം തീയതിയോടെ തന്നെ ശമ്പളവും പെൻഷനും വിതരണം ചെയ്യുമെന്ന് മന്ത്രി ആവർത്തിച്ചു.

അതേസമയം, സൗജന്യ യാത്ര നടപ്പിലാക്കുന്നതോടെ കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. മുഴുവൻ ബസുകളിലും പദ്ധതി നടപ്പാക്കിയാൽ ഏകദേശം 112 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കുകൾ. ഓർഡിനറി ബസുകളിൽ മാത്രം നടപ്പാക്കിയാൽ 57 കോടി രൂപയും, സിറ്റി ഫാസ്റ്റ്–ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ 65 കോടി രൂപയും ബാധ്യത വരുമെന്നാണ് വിലയിരുത്തൽ.

തെരഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ച ‘ഇന്ദിരാ ഗ്യാരണ്ടി’കളിലൊന്നായ സ്ത്രീകളുടെ സൗജന്യ യാത്ര, ജൂൺ 15 മുതൽ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ പദ്ധതി കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന വിമർശനവുമായി പ്രതിപക്ഷം ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button