ഷാഫിയെ വെട്ടുമോ വി.ഡി? വീണ്ടും കെസി-സതീശൻ പോരിന് സാധ്യത; കെപിസിസി അധ്യക്ഷ സ്ഥാനത്ത് കടുത്ത ചരടുവലി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറ്റ് ഭരണം മുന്നോട്ടുകൊണ്ടുപോകുമ്പോൾ, കോൺഗ്രസിനകത്ത് പുതിയ അധികാരപ്പോരിന് വേദിയൊരുങ്ങുന്നു. മന്ത്രിസഭ രൂപീകരണത്തിന് പിന്നാലെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള നീക്കങ്ങളാണ് ഇപ്പോൾ ഡൽഹിയിലെയും ഇന്ദിരാഭവനിലെയും പ്രധാന ചർച്ചാവിഷയം. മുഖ്യമന്ത്രിയായ വി.ഡി. സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും തമ്മിലുള്ള നിലപാട് വ്യത്യാസങ്ങൾ വീണ്ടും പുറത്തുവരുന്നുവെന്ന സൂചനകളാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്നത്.
കെപിസിസി പ്രസിഡന്റായിരുന്ന സണ്ണി ജോസഫും, വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാറും പി.സി. വിഷ്ണുനാഥും മന്ത്രിസഭയിലെത്തിയതോടെ സംഘടനാ തലത്തിൽ വലിയ പുനഃസംഘടന അനിവാര്യമായി. പുതിയ സാഹചര്യത്തിൽ പാർട്ടിയെയും സർക്കാരിനെയും ഒരേ താളത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ കണ്ടെത്താനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. എന്നാൽ, ഈ തീരുമാനത്തിൽ അന്തിമ സ്വാധീനം തനിക്കാകണമെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇതിനിടെയാണ് വടകര എംപി ഷാഫി പറമ്പിലിന്റെ പേര് ശക്തമായി ഉയർന്നത്. യുവാക്കളിൽ സ്വാധീനവും സംഘടനയിൽ ജനപ്രീതിയും ഉള്ള ഷാഫി കെപിസിസി അധ്യക്ഷനായാൽ പാർട്ടിക്കുള്ളിൽ സമാന്തര ശക്തികേന്ദ്രം രൂപപ്പെടുമെന്ന ആശങ്ക സതീശൻ ക്യാമ്പിനുണ്ടെന്നാണ് സൂചന. കെ.സി. വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായും അടുത്ത ബന്ധം പുലർത്തുന്ന ഷാഫിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിനിർത്താൻ മുഖ്യമന്ത്രിയുടെ വൃത്തങ്ങൾ ശ്രമിക്കുന്നുവെന്ന വിലയിരുത്തലും ശക്തമാണ്.
‘ഒരാൾക്ക് ഒരു പദവി’ എന്ന ഹൈക്കമാൻഡ് നയം കർശനമായി നടപ്പാക്കിയാൽ എംപിയായ ഷാഫി പറമ്പിലിന് അധ്യക്ഷ പദവിയിലേക്ക് എത്താൻ ബുദ്ധിമുട്ടുണ്ടാകും. ഇതേ വാദമാണ് സതീശൻ പക്ഷം മുന്നോട്ടുവയ്ക്കുന്നതെന്നാണ് ഡൽഹി രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഷാഫി ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകട്ടെയെന്നാണ് വി.ഡി. അനുകൂലികളുടെ നിലപാട്.
അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മറ്റ് നിരവധി പേരുകളും പരിഗണനയിലുണ്ട്. ദളിത്-പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാൾക്കും ഇതുവരെ കെപിസിസി അധ്യക്ഷ സ്ഥാനം ലഭിച്ചിട്ടില്ലെന്ന വാദവുമായി കൊടിക്കുന്നിൽ സുരേഷ് ശക്തമായി രംഗത്തുണ്ട്. ചാലക്കുടി എംപി ബെന്നി ബഹനാനെ അധ്യക്ഷനാക്കണമെന്ന ആവശ്യം ‘എ’ ഗ്രൂപ്പിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്. ഇതിന് മറുപടിയായി രമേശ് ചെന്നിത്തല അനുകൂലികൾ ജോസഫ് വാഴയ്ക്കനെ മുന്നോട്ടുവയ്ക്കുകയാണ്.
മാത്യു കുഴൽനാടൻ, അടൂർ പ്രകാശ്, കെ.സി. ജോസഫ്, ആന്റോ ആന്റണി എന്നിവരുടെ പേരുകളും വിവിധ ഗ്രൂപ്പുകളിൽ നിന്ന് ഉയരുന്നുണ്ട്. എന്നാൽ ജനപ്രതിനിധികൾ സംഘടനാ ചുമതലയിൽ വരരുതെന്ന നിലപാട് ഹൈക്കമാൻഡ് ആവർത്തിച്ചാൽ കളി പൂർണ്ണമായും മാറാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പൂർണ്ണസമയ സംഘടനാ പ്രവർത്തകരായ ജോസഫ് വാഴയ്ക്കനോ കെ.സി. ജോസഫിനോ സാധ്യത വർധിക്കുമെന്നാണ് വിലയിരുത്തൽ.
കെപിസിസി പുനഃസംഘടനയ്‌ക്കൊപ്പം തന്നെ ഏഴ് ഡിസിസി അധ്യക്ഷന്മാരെയും മാറ്റാനുള്ള നീക്കവും കോൺഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎമാരായ ഡിസിസി അധ്യക്ഷന്മാർ മന്ത്രിസഭയിലേക്കും നിയമസഭയിലേക്കും പോയതോടെ പല ജില്ലകളിലും സംഘടനാ പ്രവർത്തനം മന്ദഗതിയിലായിരിക്കുകയാണ്.
മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഡൽഹിയിലെത്തിയ വി.ഡി. സതീശൻ ഇന്ന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഈ ചർച്ചകളിലാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തെയും യൂത്ത് കോൺഗ്രസ് നേതൃത്വത്തെയും കുറിച്ചുള്ള നിർണായക തീരുമാനങ്ങൾ രൂപപ്പെടുക.
സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ പൂർണ്ണമായും മാറിമറിഞ്ഞ സാഹചര്യത്തിൽ ഹൈക്കമാൻഡ് ആരെ തിരഞ്ഞെടുത്തേക്കുമെന്നത് പാർട്ടി അണികളിൽ വലിയ ആകാംക്ഷയുണ്ടാക്കുകയാണ്. വി.ഡി. സതീശനും കെ.സി. വേണുഗോപാലും തമ്മിലുള്ള ധാരണയാകുമോ, അതോ വീണ്ടും അധികാരവടംവലി ശക്തമാകുമോ എന്നതാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.



