തമിഴ്നാട് മന്ത്രിസഭയിൽ കോൺഗ്രസ് തിരിച്ചെത്തി; സത്യപ്രതിജ്ഞയ്ക്കിടെ രാഹുൽ ഗാന്ധിയുടെ പേരുപറഞ്ഞ് എംഎൽഎ

ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാർ ഇന്ന് 23 പേരെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. പുതുതായി സത്യപ്രതിജ്ഞ ചെയ്തവരിൽ 21 പേർ ടിവികെയിൽ നിന്നുള്ളവരാണ്. സഖ്യകക്ഷിയായ കോൺഗ്രസിൽ നിന്നുള്ള രണ്ട് എംഎൽഎമാരും മന്ത്രിസഭയിൽ ഇടംനേടി. ഇതോടെ ആറു പതിറ്റാണ്ടുകൾക്ക് ശേഷം കോൺഗ്രസ് വീണ്ടും തമിഴ്നാട് ഭരണത്തിന്റെ ഭാഗമാകുകയാണ്.
കോൺഗ്രസ് അംഗങ്ങളായ രാജേഷ് കുമാറും പി. വിശ്വനാഥനുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കിടെ കോൺഗ്രസ് നേതാക്കളായ കാമരാജ്, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ പേരുകൾ പരാമർശിച്ച് രാജേഷ് കുമാർ മുദ്രാവാക്യം വിളിച്ചതാണ് ചടങ്ങിൽ ശ്രദ്ധേയമായത്.
സത്യപ്രതിജ്ഞ വായിച്ചുതീർത്ത ശേഷം “കാമരാജ് വാഴ്കെ… ഭാരതരത്ന രാജീവ് ഗാന്ധി വാഴ്കെ… ജനനായകൻ രാഹുൽ ഗാന്ധി വാഴ്കെ…” എന്നായിരുന്നു രാജേഷ് കുമാറിന്റെ മുദ്രാവാക്യം. പിന്നാലെ ഗവർണർ ഇടപെട്ട് “ഇത് നിങ്ങളുടെ സത്യപ്രതിജ്ഞയിലുണ്ടായിരുന്നില്ലല്ലോ” എന്ന് ചിരിയോടെ ചോദിച്ചു. രാജേഷ് കുമാറും മറുപടിയായി ചിരിച്ചുകൊണ്ട് സത്യപ്രതിജ്ഞാ രേഖയിൽ ഒപ്പുവച്ചു.
തമിഴ്നാട്ടിൽ 59 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. പുതിയ മന്ത്രിസഭയിൽ രാജേഷ് കുമാറിന് ടൂറിസം വകുപ്പും പി. വിശ്വനാഥന് ഉന്നത വിദ്യാഭ്യാസ വകുപ്പും ലഭിക്കും.
അതേസമയം, മുസ്ലിം ലീഗും മന്ത്രിസഭയുടെ ഭാഗമാകുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. ടിവികെയുടെ ക്ഷണം സ്വീകരിച്ച് പാപനാശം എംഎൽഎ എ.എം. ഷാജഹാൻ മന്ത്രിയാകുമെന്നാണ് സൂചന.



