കാർ കത്തി ഗർഭിണി മരിച്ച സംഭവം; ആത്മഹത്യ സാധ്യതയെന്ന് അന്വേഷണ സംഘം

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ കാർ കത്തി എട്ട് മാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ആത്മഹത്യയെന്ന നിഗമനത്തിലേക്ക് പൊലീസ്. ഭർത്താവ് രജിൻലാലുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ രജിൻലാലിന് നേരിട്ടുള്ള പങ്കില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
കാറിനുള്ളിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയ പൊലീസ്, പെട്രോൾ എത്തിച്ചത് സോന തന്നെയാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. സോന ഒറ്റയ്ക്ക് പെട്രോൾ പമ്പിലെത്തി വെളുത്ത കന്നാസിൽ പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം നടന്നത്. ഭർത്താവ് രജിൻലാൽ ഓടിച്ചിരുന്ന കാർ കത്തിനശിക്കുകയും കാറിലുണ്ടായിരുന്ന സോന വെന്തുമരിക്കുകയുമായിരുന്നു. സംഭവത്തിൽ രജിൻലാലിന് 65 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. പോസ്റ്റ്മോർട്ടത്തിൽ സോനയുടെ ശരീരത്തിൽ പെട്രോൾ അംശം കണ്ടെത്തിയതും അന്വേഷണത്തിന് നിർണായകമായി.
സംഭവ ദിവസം ഉച്ചയ്ക്ക് 12 മുതൽ രാത്രി ഏഴ് വരെ സോന മാതൃസഹോദരിയുടെ വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഭർത്താവിന്റെ പീഡനത്തെക്കുറിച്ച് മാതൃസഹോദരിയുടെ മകളോട് സോന പറഞ്ഞിരുന്നുവെന്നും വിവരമുണ്ട്.
വൈകുന്നേരം ബന്ധുവിനൊപ്പമാണ് സോന ടൗണിൽ പോയത്. സാധനങ്ങൾ വാങ്ങുന്നതിനിടെ കുറച്ചുസമയം സോനയെ കാണാതായിരുന്നുവെന്നും ആ സമയത്തായിരിക്കാം പെട്രോൾ വാങ്ങിയതെന്നുമാണ് പൊലീസ് സംശയിക്കുന്നത്. പിന്നീട് മാതൃസഹോദരിയുടെ വീട്ടിൽ നിന്നാണ് രജിൻലാൽ സോനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.



