മോഡലിങ് മറവിൽ സെക്സ് റാക്കറ്റ്; സിന്ധുവിനെതിരെ കൂടുതൽ തെളിവുകൾ

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ സെക്സ് റാക്കറ്റിലേക്ക് എത്തിച്ച കേസിൽ മുഖ്യപ്രതി സിന്ധുവിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് പൊലീസ്. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ച് വിലപേശൽ നടത്തിയതിന്റെ സ്ക്രീൻ ഷോട്ടുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. സിന്ധുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ദുബായിൽ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന സിന്ധുവാണ് മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രകയെന്നാണ് പൊലീസിന്റെ നിഗമനം. മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിച്ച സിന്ധുവിനെ ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ് അന്വേഷണ സംഘം.
സിന്ധുവിനെതിരെ പ്രധാന തെളിവുകളായി വാട്സ്ആപ്പ് ചാറ്റുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് ദുബായിലേക്ക് കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുക്കുകയും ഓരോരുത്തരുടെയും പേരിൽ വിലപേശൽ നടത്തുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഇത് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകളും ചില ഇടപാടുകാരിൽ നിന്നുള്ള വാട്സ്ആപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചു.
യുവതികളെ ദുബായിലെത്തിക്കുന്നതിനുള്ള യാത്രാസൗകര്യങ്ങളും വിസയും ഒരുക്കിയത് സിന്ധുവാണെന്നാണ് കണ്ടെത്തൽ. ദുബായിൽ ഫാഷൻ ഷോ ഉണ്ടെന്ന വ്യാജേനയാണ് മോഡലുകളെ കൊണ്ടുപോയതെന്നും പൊലീസ് പറയുന്നു.
കേസിൽ ഇനി രണ്ട് സ്ത്രീകളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ യുവതികൾ പരാതിയുമായി മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.



