പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോൾ; അടിയന്തര റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോട് മന്ത്രി നിർദേശിച്ചത്.
റിപ്പോർട്ട് ലഭിച്ചതിന് ശേഷം വസ്തുതകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതി ഉൾപ്പെടെ അഞ്ച് പ്രതികൾക്കാണ് നിലവിൽ 20 ദിവസത്തെ പരോൾ അനുവദിച്ചിരിക്കുന്നത്. പരോൾ അനുവദിച്ച നടപടിക്കെതിരെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങൾ ശക്തമായി രംഗത്തെത്തിയിരുന്നു.
2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയ കല്യോട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും ക്രൂരമായി കൊല്ലപ്പെട്ടത്. കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർക്ക് സിബിഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
പ്രതികൾക്ക് മുമ്പും പരോൾ അനുവദിച്ച സംഭവങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പുതിയ സംഭവത്തിലും സർക്കാരിനും ജയിൽ വകുപ്പിനുമെതിരെ വിമർശനം ശക്തമാകുകയാണ്.



