ബി.ബി ഗോപകുമാറിനെ ഇറക്കി ബിജെപി; സ്പീക്കർ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരം

തിരുവനന്തപുരം: കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായി സ്പീക്കർ തെരഞ്ഞെടുപ്പിൽ എൻഡിഎയും മത്സരിക്കും. ചാത്തന്നൂർ എംഎൽഎ ബി.ബി ഗോപകുമാറിനെ ബിജെപി സ്പീക്കർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. നിയമസഭാ സെക്രട്ടറി ഷാജി സി. ബേബിക്കു മുമ്പാകെ ബി.ബി ഗോപകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു.

യുഡിഎഫിനായി തിരുവഞ്ചൂർ രാധാകൃഷ്ണനും എൽഡിഎഫിനായി എ.സി മൊയ്തീനും സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കും. മൂന്ന് എംഎൽഎമാരാണ് ബിജെപിക്കുള്ളത്. മൂവരും ഇന്ന് നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തു.

ബി.ബി ഗോപകുമാർ 33-ാമനായും വി. മുരളീധരൻ 64-ാമനായും രാജീവ് ചന്ദ്രശേഖർ 83-ാമനായുമാണ് സത്യവാചകം ചൊല്ലിയത്. “പാർട്ടിയുടെ പ്രവർത്തനത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണ് ഈ നേട്ടം. 30 ലക്ഷം ജനങ്ങളുടെ ആവശ്യങ്ങൾക്കായി പ്രവർത്തിക്കും,” എന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി നേതാക്കളും എംഎൽഎമാരും പുഷ്പാർച്ചന നടത്തി. തുടർന്ന് നേതാക്കളും പ്രവർത്തകരുമൊത്ത് പ്രകടനമായാണ് ബിജെപി എംഎൽഎമാർ നിയമസഭയിലേക്ക് എത്തിയത്.

മുൻ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, കെ. സുരേന്ദ്രൻ എന്നിവരും മറ്റ് സംസ്ഥാന നേതാക്കളും പ്രകടനത്തിൽ പങ്കെടുത്തു. ബിജെപിയുടെ നിയമസഭാ പ്രവേശനവും സ്പീക്കർ തെരഞ്ഞെടുപ്പിലെ മത്സരവും സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button