അച്ഛന്റെ പേര് ചേർത്ത് സത്യപ്രതിജ്ഞ; സഭയിൽ ശ്രദ്ധനേടി മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ സത്യപ്രതിജ്ഞ ചടങ്ങിനിടെ ശ്രദ്ധനേടി മുഖ്യമന്ത്രി വി.ഡി സതീശന്റെ സത്യവാചകം. “വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ” എന്ന വാചകത്തോടെയാണ് അദ്ദേഹം സത്യപ്രതിജ്ഞ നിർവഹിച്ചത്.
പ്രോടേം സ്പീക്കർ ജി. സുധാകരന് മുൻപാകെ സഗൗരവമായാണ് വി.ഡി സതീശൻ സത്യവാചകം ചൊല്ലിയത്. അച്ഛന്റെ പേര് ചേർത്ത് നടത്തിയ സത്യപ്രതിജ്ഞ സഭയിൽ ശ്രദ്ധേയ നിമിഷമായി.
രാവിലെ 9 മണിക്കാണ് നിയമസഭാ മന്ദിരത്തിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്. അക്ഷരമാല ക്രമത്തിലാണ് പുതിയ അംഗങ്ങൾ സത്യവാചകം ചൊല്ലിയത്. ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂറാണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്.
വിവിധ പാർട്ടികളിലെ നേതാക്കൾ ദൈവനാമത്തിലും സഗൗരവവുമായും വിവിധ ഭാഷകളിലുമായും സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിനിടെ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പ്രോടേം സ്പീക്കർ സഭാനടപടികൾ നിയന്ത്രിച്ചത്.



