പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തുടരും; പുനർചിന്ത വേണ്ടെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തന്നെ തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ പുനർചിന്തയുടെ ആവശ്യമില്ലെന്നും സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റെയും ഏകകണ്ഠ തീരുമാനത്തിന് പോളിറ്റ് ബ്യൂറോയുടെ അംഗീകാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉയർന്ന രൂക്ഷ വിമർശനങ്ങൾക്ക് പിന്നാലെയാണ് എം.വി ഗോവിന്ദന്റെ പ്രതികരണം. വർഷങ്ങൾക്ക് ശേഷം പാർട്ടി ഘടകങ്ങളിൽ പിണറായി വിജയന്റെ പ്രവർത്തന ശൈലിക്കെതിരെ വിമർശനങ്ങൾ ഉയരുന്നത് സിപിഎമ്മിനുള്ളിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വാർത്താസമ്മേളനങ്ങളിലെ തന്റെ ശരീരഭാഷയെക്കുറിച്ച് വീട്ടിൽ നിന്നുപോലും വിമർശനമുണ്ടായിട്ടുണ്ടെന്ന് എം.വി ഗോവിന്ദൻ തുറന്നുപറഞ്ഞു. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിലും പി.കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.
അതേസമയം, സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. മൂന്ന് ദിവസം നീളുന്ന യോഗത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം വിശദമായി ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനത്തിൽ പോളിറ്റ് ബ്യൂറോയ്ക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായമുണ്ടായിരുന്നുവെന്നും കേന്ദ്രകമ്മിറ്റിയിലും ചില അംഗങ്ങൾ എതിർപ്പ് ഉയർത്താൻ സാധ്യതയുണ്ടെന്നുമാണ് സൂചന.



