വീണാ ജോർജിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ ‘നുണക്കഥകൾ’; മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രാജു ഏബ്രഹാം

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റിലെയും ജില്ലാ കമ്മിറ്റി യോഗങ്ങളിലെയും ചർച്ചകളെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടിയെ തകർക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ചില മാധ്യമങ്ങൾ വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മുൻ മന്ത്രിയും പാർട്ടി നേതാവുമായ വീണാ ജോർജിനെ ചുറ്റിപ്പറ്റി പ്രചരിച്ച വാർത്തകൾക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് രാജു ഏബ്രഹാം വ്യക്തമാക്കി. വീണാ ജോർജ് സിപിഎം സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാണെന്നും, അവരുടെ അഭിപ്രായങ്ങളും നിലപാടുകളും പറയേണ്ടത് സംസ്ഥാന കമ്മിറ്റിയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ അവർ അഭിപ്രായം പറഞ്ഞുവെന്ന രീതിയിലാണ് വാർത്തകൾ പുറത്തുവന്നതെന്നും അത് തികച്ചും നുണയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താൻ ജില്ലാ തലങ്ങളിൽ കമ്മിറ്റികൾ ചേരുന്നത് പാർട്ടിയുടെ സ്വാഭാവിക സംഘടനാ രീതിയുടെ ഭാഗമാണെന്ന് രാജു ഏബ്രഹാം വിശദീകരിച്ചു. ഇത്തരം യോഗങ്ങളിൽ ഉയരുന്ന അഭിപ്രായങ്ങളും വിമർശനങ്ങളും അടിസ്ഥാനമാക്കിയാണു തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതെന്നും, പിന്നീട് അത് ബ്രാഞ്ച് തലങ്ങളിലേക്കും ചർച്ചയ്ക്കായി എത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“പാർട്ടിയുടെ സാധാരണ സംഘടനാ പ്രക്രിയകളെ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ്. സിപിഎമ്മിന്റെ പ്രവർത്തനരീതിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള കേരളത്തിലെ ജനങ്ങൾ ഇത്തരം മാധ്യമ സൃഷ്ടികളെ അറപ്പോടെ തള്ളിക്കളയും,” എന്നാണ് രാജു ഏബ്രഹാമിന്റെ പ്രതികരണം.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി നേരിട്ടുവെന്നത് സിപിഎം തുറന്നുപറഞ്ഞ് അംഗീകരിച്ച കാര്യമാണെന്നും, എന്നാൽ അതിന്റെ മറവിൽ നേതാക്കൾക്കെതിരെയും ആഭ്യന്തര ചർച്ചകളെക്കുറിച്ചും എന്തും പ്രചരിപ്പിക്കാമെന്ന ധാരണ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരം വ്യാജ പ്രചാരണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കില്ലെന്നും, ജനങ്ങളുടെ വിശ്വാസം മുൻനിർത്തിയാണ് പാർട്ടി മുന്നോട്ടുപോകുന്നതെന്നും രാജു ഏബ്രഹാം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button