സത്യപ്രതിജ്ഞാ ദിനത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ ആവശ്യം; നവീൻ ബാബു കേസ് സിബിഐക്ക്


കണ്ണൂർ ജില്ലാ കളക്ട്രേറ്റിലെ എഡിഎം ആയിരുന്ന പത്തനംതിട്ട സ്വദേശി നവീൻ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാൻ പുതിയ മന്ത്രിസഭ തീരുമാനമെടുക്കണമെന്ന് സത്യപ്രതിജ്ഞാ ദിനത്തിൽ വിഡി സതീശന് മുന്നിൽ സുപ്രധാന പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി നൽകിയത്. കണ്ണൂർ കളക്ട്രേറ്റിലെ എഡിഎം ആയിരുന്ന നവീൻ ബാബുവിന് പത്തനംതിട്ട കളക്ട്രേറ്റിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ കണ്ണൂരിലെ സിപിഎം പ്രമുഖ നേതാവായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ എത്തുകയും നവീൻ ബാബുവിനെതിരെ പ്രസംഗിക്കുകയും പിറ്റേ ദിവസം പുലർച്ചെ താമസ സ്ഥലത്ത് നവീൻ ബാബു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.

സംഭവം ആത്മഹത്യയെന്ന് കാണിച്ചും ആത്മഹത്യ പ്രേരണയ്ക്ക് ദിവ്യയെ പ്രതി ചേർത്ത് പോലീസ് അന്തിമ റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തു. നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും ആത്മഹത്യാ ചെയ്യുവാൻ സാധ്യതയില്ലെന്നും കാണിച്ച് സിബിഐ അന്വേഷണം ആവിശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിട്ടും പിണറായി വിജയൻറെ ഗവണ്മെന്റ് ശക്തമായ വിയോജിപ്പുമായി മുന്നോട്ട് വന്നതിനെ തുടർന്ന് കോടതി സിബിഐ അന്വേഷണ ആവിശ്യം നിരാകരിച്ചു.

നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് ഫയൽ ചെയ്ത അന്തിമ റിപ്പോർട്ടിൽ പ്രതിപാദിക്കുന്ന ചില കാര്യങ്ങളിൽ തെളിവ് ശേഖരിച്ച് അതിൻമേൽ തുടർ അന്വേഷണം നടത്തുവാൻ ജില്ലാ പ്രിൻസിപ്പൽ സെഷൻ കോടതി നിലവിൽ ഉത്തരവും നൽകിയിട്ടുണ്ട്ഇതിൽ തന്നെ പോലീസ് അന്വേഷണം ശരിയായ ദിശയിൽ നടന്നിട്ടില്ലെന്നും ഭരണം നടത്തിയ സിപിഎം നേതാക്കൾ അന്വേഷണത്തിൽ ഇടപെട്ടതാണ് ഇതിന് കാരണമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് പുതിയ സർക്കാറിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 2024 ഒക്ടോബർ 15-നാണ് നവീൻ ബാബുവിനെ കണ്ണൂർ ക്വർട്ടേഴ്സിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്. തലേ ദിവസം രാവിലെയാണ് യാത്രയയപ്പ് യോഗം ആദ്യം തീരുമാനിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയ്ക്ക് എത്തുവാൻ സൗകര്യത്തിനാണ് യോഗം ഉച്ചയ്ക്ക് ശേഷം പുനർ ക്രമീകരിച്ചതെന്നും ക്ഷണിക്കാതെ ദിവ്യ എങ്ങനെ യോഗത്തിൽ എത്തിയെന്നും അന്നത്തെ കളക്ടർക്ക് എതിരെ ആരോപണം ഉയർന്നിരുന്നു. യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തിയതിന് പിന്നാലെ നവീൻ ബാബുവിനെ മോശക്കാരനായി ചിത്രീകരിച്ച് പ്രസംഗിക്കുകയും ആയത് വീഡിയോയിൽ പകർത്തിപ്പിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. നവീൻ ബാബു മരിച്ചതറിഞ്ഞു റവന്യൂ ജീവനക്കാരുടെ പ്രതിഷേധം ശക്തമായി ഉണ്ടായതും നവീൻ ബാബുവിനെതിരെ കൈക്കൂലി കേസിൽ പരാതി നേരത്തെ നൽകിയിട്ടുണ്ടെന്ന് കാണിച്ച് പരാതി കോപ്പിയുമായി ഒരാൾ രംഗത്ത് വരുന്നു.

എന്നാൽ ഇത്തരത്തിൽ ഒരു പരാതി ലഭിച്ചിട്ടില്ലെന്ന് സർക്കാരും റവന്യൂ അധികാരികളും വിജിലൻസും അഡ്വ. കുളത്തൂർ ജയ്‌സിങിന് വിവരാവകാശ മറുപടിയും നൽകി. ഭാര്യയും രണ്ട് പെൺമക്കളുമുള്ള നവീൻ ബാബു ഏതെങ്കിലും ഭീഷണികൾക്ക് വഴങ്ങി ആത്മഹത്യാ ചെയ്യുന്ന ആളല്ലെന്ന് സഹപ്രവർത്തകരും കുടുംബാംഗങ്ങളും പൊതു സമൂഹവും വിശ്വസിക്കുന്നു. മരണത്തിൽ ഉയർന്നിട്ടുള്ള ദുരൂഹതകളിൽ സമഗ്ര അന്വേഷണം ഇതുവരെ ഉണ്ടായിട്ടില്ല. വിഷയത്തിൽ സി ബി ഐ അന്വേഷണം ഉണ്ടാകാത്തത് നവീൻ ബാബുവിന്റെ കുടുംബവും പൊതു സമൂഹവും നീതിനിഷേധമായി കാണുന്നു.

ആരോപണ വിധേയരായ സിപിഎം നേതാക്കളുമായി വളരെ വലിയ അടുപ്പമുള്ള പോലീസ് ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. കേസിലെ വിചാരണയെ ദുർബലപ്പെടുത്തുവാൻ ഉപകരിക്കുന്ന സാക്ഷികളും വാദവുമായി യാതൊരു ബന്ധവുമില്ലാത്ത തെളിവുകളുമായാണ് നിലവിൽ അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അഡ്വ കുളത്തൂർ ജയ്‌സിങ് പറഞ്ഞു. ഇത്തരം സാഹചര്യത്തിൽ നവീൻ ബാബുവിന്റെ മരണം കൊലപാതകമല്ല എന്ന് ഉറപ്പാക്കാൻ സിബിഐ അന്വേഷണം നടത്തുവാൻ പുതിയ മന്ത്രിസഭ തീരുമാനമെടുക്കണമെന്നാണ് അഡ്വ കുളത്തൂർ ജയ്‌സിങ് പുതിയ മുഖ്യമന്ത്രിക്ക് സത്യപ്രതിജ്ഞ ദിനത്തിൽ തന്നെ നൽകിയ പരാതിയിൽ ആവിശ്യപ്പെടുന്നത്.

കണ്ണൂർ ജില്ലാ കളക്ട്രേറ്റിലെ യാത്രയയപ്പ് യോഗത്തിന് ശേഷം രാത്രി വീട്ടിലേക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന നവീൻ ബാബു യാത്രയയപ്പ് കഴിഞ്ഞു വൈകുന്നേരം തന്നെ താമസ സ്ഥലത്തെ കെട്ടിടത്തിന്റെ താക്കോൽ തിരികെ നൽകിയിരുന്നു. പ്രസ്തുത താക്കോൽ കൊണ്ട് എങ്ങനെ പിന്നീട് കെട്ടിടം തുറന്നതെന്നതടക്കം കാര്യങ്ങളിൽ ദുരൂഹതയുണ്ട്. കൊലപാതകമാണെന്ന് സംശയിക്കാനുള്ള തെളിവുകളിൽ അന്വേഷണം നടന്നിട്ടില്ല. ചില ഫയലുകളിൽ നവീൻ ബാബുവിന് എതിരെ കളക്ടറിൽ നിന്നും സി പി എം നേതാക്കളിൽ നിന്നും നേരിട്ടും അല്ലാതെയും ഉണ്ടായ ഭീഷണികൾ പോലീസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുകയോ ആയത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ലെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button