ആഭ്യന്തര വകുപ്പ് ചെന്നിത്തലയ്ക്ക്; ധനവകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ; സതീശൻ മന്ത്രിസഭയിൽ പുതിയ ഫോർമുല

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി തന്നെ ധനവകുപ്പും കൈകാര്യം ചെയ്യുമെന്ന നിർണായക സൂചന പുറത്തുവന്നു. മുഖ്യമന്ത്രി പദം വഹിക്കുന്ന വി. ഡി. സതീശൻ തന്നെയാകും ധനവകുപ്പിന്റെ ചുമതലയും നേരിട്ട് കൈകാര്യം ചെയ്യുക എന്നാണ് വിവരം.
ആഭ്യന്തര വകുപ്പ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ധാരണയായ സാഹചര്യത്തിലാണ് ധനവകുപ്പ് മുഖ്യമന്ത്രിയുടെ കൈവശം തുടരാൻ സാധ്യത ഉയർന്നത്. ഏറ്റവും നിർണായകമായ വകുപ്പുകളിൽ ഒന്നായതിനാൽ ഈ തീരുമാനം രാഷ്ട്രീയമായി പ്രധാന്യമർഹിക്കുന്നതായാണ് വിലയിരുത്തൽ.
ഇതിനിടെ, സതീശൻ മന്ത്രിസഭയിൽ കോൺഗ്രസിന് ലഭിക്കുന്ന 11 സ്ഥാനങ്ങളിൽ 8 പേരുടെ പേരുകൾ പുറത്ത് വന്നു. സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവരാണ് മന്ത്രിസ്ഥാനത്തിനായി പരിഗണിക്കപ്പെടുന്നത്.
കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫിന് പ്രധാന വകുപ്പുകൾ ലഭിക്കാനാണ് സാധ്യത. കെ. മുരളീധരന് മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന വകുപ്പുകളിൽ ഒന്നും ലഭിച്ചേക്കും. വനിതാ പ്രതിനിധിയായി ബിന്ദു കൃഷ്ണയും മന്ത്രിസഭയിലെത്തും.
തിരുവഞ്ചൂർ രാധാകൃഷ്ണന് മന്ത്രിസ്ഥാനം അല്ലെങ്കിൽ സ്പീക്കർ പദവിയെന്ന നിലയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. എന്നാൽ സ്പീക്കർ പദവിയിലേക്ക് താൽപര്യമില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പുതുപ്പള്ളിയിൽ വൻ വിജയം നേടിയ ചാണ്ടി ഉമ്മനും മന്ത്രിസ്ഥാനത്തിനായി പരിഗണനയിലുണ്ട്.
മുഖ്യമന്ത്രിയടക്കം 21 അംഗ മന്ത്രിസഭയാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. കോൺഗ്രസിൽ നിന്ന് 11 മന്ത്രിസ്ഥാനങ്ങൾ ഉറപ്പായിരിക്കെ, ഘടകകക്ഷികളുടെ വകുപ്പുകൾ സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും വ്യക്തമല്ല. ഇതിനിടെ മാണി സി കാപ്പൻ മന്ത്രിസഭയിൽ ഫുൾ ടൈം അംഗമായിരിക്കുമെന്ന് പ്രതികരിച്ചതോടെ ഘടകകക്ഷി ചർച്ചകളും സജീവമായി തുടരുന്നു.



