പിണറായി വിജയനെതിരെ വിവാദ പരാമർശം; രാഷ്ട്രീയ രംഗത്ത് ചൂടേറിയ പ്രതികരണങ്ങൾ

കൊല്ലം: തിരഞ്ഞെടുപ്പിലെ വൻ പരാജയത്തിന് പിന്നാലെ സിപിഎമ്മിനുള്ളിൽ നേതൃനിരക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നു. പിണറായി വിജയനെ വീണ്ടും പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ അനുവദിച്ചത് ശരിയായ തീരുമാനമായില്ലെന്ന അഭിപ്രായമാണ് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഉയർന്നത്.

പുതുതലമുറയ്ക്ക് അവസരം നൽകാതെ പിണറായി വിജയൻ തന്നെ വീണ്ടും നേതൃത്വം ഏറ്റെടുത്തത് തെറ്റായ നീക്കമായിരുന്നുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു. തോൽവിക്ക് പ്രധാന കാരണം അദ്ദേഹത്തിന്റെ നേതൃത്വ ശൈലിയാണെന്നും, പുതിയ ടീമിന് വഴിയൊരുക്കേണ്ടിയിരുന്നുവെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ പല മേഖലകളിലും ജനങ്ങൾക്കിടയിൽ പ്രതികൂല പ്രതികരണം സൃഷ്ടിച്ചുവെന്നും യോഗം വിലയിരുത്തി. “വീട്ടിൽ പോയി ചോദിക്ക്”, “ഡാഷ് മോനേ” തുടങ്ങിയ പ്രസ്താവനകൾ അവമതിപ്പുണ്ടാക്കിയതായി ചർച്ചയിൽ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നൽകിയതായും യോഗത്തിൽ വിമർശനമുയർന്നു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം, തളിപ്പറമ്പ് സ്ഥാനാർത്ഥി നിർണയം തുടങ്ങിയവയും തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായതായി വിലയിരുത്തി.

മേൽത്തട്ടിലെ ചില നേതാക്കളെ പ്രീണിപ്പിച്ചതും, ജനവികാരം മനസിലാക്കുന്നതിൽ നേതൃത്വത്തിന് ഉണ്ടായ വീഴ്ചയും തോൽവിക്ക് കാരണമായതായി യോഗം നിരീക്ഷിച്ചു. എല്ലാ ജനവിഭാഗങ്ങളും ഇടതുമുന്നണിയെ വിട്ടുനിന്നുവെന്നും, ന്യൂനപക്ഷ വോട്ടുബാങ്കിലും വലിയ ചോർച്ച ഉണ്ടായതായും വിലയിരുത്തലിൽ പറയുന്നു.

പാർട്ടിക്കും മുന്നണിക്കും ഉള്ളിൽ നിന്നുതന്നെ വോട്ടുചോർച്ച ഉണ്ടായത് ശക്തികേന്ദ്രങ്ങളിലെ തോൽവികളിൽ വ്യക്തമായതായി യോഗം ചൂണ്ടിക്കാട്ടി. നേതൃത്വത്തിന്റെ സമീപനവും ധാർഷ്ട്യവും ജനങ്ങളെ അകറ്റിയതായും വിമർശനത്തിൽ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button