അവന്റെ മനസിൽ എന്താണെന്ന് അറിയില്ല”; മകനെക്കുറിച്ച് വിജയ് പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയിൽ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ ഭാര്യ സംഗീതയും മക്കളായ ജേസൺ സഞ്ജയും ദിവ്യ സാഷയും പങ്കെടുക്കാത്തത് ചർച്ചകൾക്കിടയാക്കി. വിജയ്യുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും കുടുംബം പൊതുവേദികളിൽ നിന്ന് വിട്ടുനിന്നിരുന്നതും ശ്രദ്ധേയമായിരുന്നു.
ഈ പശ്ചാത്തലത്തിൽ, മകന്റെ കരിയറിനെക്കുറിച്ച് വിജയ് മുമ്പ് പറഞ്ഞ വാക്കുകൾ വീണ്ടും സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 2022ൽ പുറത്തിറങ്ങിയ ‘ബീസ്റ്റ്’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംവിധായകൻ നെൽസൺ ദിലീപ് കുമാറിന് നൽകിയ അഭിമുഖത്തിലാണ് വിജയ് കുടുംബജീവിതത്തെയും മകന്റെ താത്പര്യങ്ങളെയും കുറിച്ച് തുറന്നു പറഞ്ഞത്.
മകന് അഭിനയത്തിലേക്ക് വരാനുള്ള താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് വിജയ് നൽകിയ മറുപടി ഇങ്ങനെ: “എന്ത് കരിയർ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം മകനുണ്ട്. അവനെ ഒരിക്കലും അഭിനയത്തിലേക്ക് നിർബന്ധിച്ചിട്ടില്ല. അവന്റെ താത്പര്യമാണ് പ്രധാന്യം. എന്റെ പിന്തുണ ആവശ്യമാണെന്ന് അവന് തോന്നിയാൽ ഞാൻ നൽകും.”
പല സംവിധായകരും മകനെ അഭിനയിപ്പിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, അന്തിമ തീരുമാനം അവന്റേതായിരിക്കുമെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. “ഇപ്പോൾ എനിക്ക് അതിൽ താത്പര്യമില്ല, രണ്ട് വർഷത്തേക്ക് ശല്യപ്പെടുത്തരുത്” എന്നാണ് മകൻ പറഞ്ഞതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അതേസമയം, തന്റെ പിതാവ് എസ്. എ. ചന്ദ്രശേഖറുമായുള്ള ബന്ധത്തെക്കുറിച്ചും വിജയ് അഭിമുഖത്തിൽ സംസാരിച്ചു. “മനോഹരമായ വൃക്ഷം കാണുമ്പോൾ നമ്മൾ പൂക്കളെ മാത്രമാണ് കാണുന്നത്, പക്ഷേ വേരുകളെ ശ്രദ്ധിക്കാറില്ല. പിതാക്കന്മാർ കുടുംബത്തിന്റെ വേരുകളാണ്. നമ്മൾ മക്കളായിരിക്കുമ്പോൾ അത് മനസിലാകില്ല, അച്ഛനാകുമ്പോൾ മാത്രമേ അതിന്റെ വില മനസിലാകൂ” എന്നായിരുന്നു വിജയ് പറഞ്ഞത്.
സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ കുടുംബത്തിന്റെ അഭാവം ചർച്ചയായതിനിടയിൽ ഈ പഴയ അഭിമുഖവും വീണ്ടും ശ്രദ്ധ നേടുകയാണ്.



