ദില്ലി ചർച്ചയിൽ അഭിപ്രായഭിന്നത; നേതാക്കൾ മൂന്ന് നിലപാടുകളിലേക്ക്

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസ് ആഭ്യന്തര ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. ദില്ലിയിൽ നടക്കുന്ന ഹൈക്കമാൻഡ് തല ചർച്ചകളിൽ മുതിർന്ന നേതാക്കളുടെ നിലപാടുകൾ വ്യക്തമായെങ്കിലും അന്തിമ തീരുമാനത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി. സിദ്ദിഖ് എന്നിവർ കെസി വേണുഗോപാലിനെ അനുകൂലിക്കുന്ന നിലപാടിലാണ്. അതേസമയം, കെ. മുരളീധരനും വി.എസ്. സുധീരനും ജനവികാരം പരിഗണിച്ച് വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് അഭിപ്രായപ്പെടുന്നുവെന്നും വിവരമുണ്ട്.

എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടുമെങ്കിലും പേരുകളെ കുറിച്ച് വ്യക്തമായ നിലപാട് എടുക്കാതെ ഹൈക്കമാൻഡിന് മുന്നിൽ നിഷ്പക്ഷ സമീപനം സ്വീകരിക്കുമെന്നാണ് സൂചന.

ഇതിനിടെ കെ. സുധാകരൻ, നിർണായക ചർച്ചകൾ പുരോഗമിക്കുകയാണെന്നും എംഎൽഎമാരുടെ അഭിപ്രായം ഉൾപ്പെടെ പരിഗണിക്കണമെന്നതാണ് തന്റെ നിലപാടെന്നും വ്യക്തമാക്കി. “അഭിപ്രായം മാധ്യമങ്ങളോട് പറയാനില്ല” എന്നും അദ്ദേഹം പ്രതികരിച്ചു.

രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ചർച്ചകളിൽ കേരളത്തിൽ നിന്നുള്ള നേതാക്കളുടെ അഭിപ്രായങ്ങൾ നേരിട്ട് കേൾക്കുകയാണ്. നെഹ്റു കുടുംബത്തോട് അടുത്തവരടക്കം വിവിധ നേതാക്കളിൽ നിന്ന് അഭിപ്രായം ശേഖരിച്ചുവരുന്നതായും ഇന്ന് കൂടുതൽ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടക്കുമെന്നും എഐസിസി വൃത്തങ്ങൾ അറിയിച്ചു.

സോണിയ ഗാന്ധി അന്തിമ തീരുമാനം എടുക്കണമെന്ന നിലപാടിലാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കെസി വേണുഗോപാലിനോടുള്ള വ്യക്തിപരമായ ബന്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ തീരുമാനം സോണിയ ഗാന്ധി കൈക്കൊള്ളുന്നതാണ് ഉചിതമെന്ന നിലപാടിലേക്കാണ് നേതൃത്വം നീങ്ങുന്നത്.

എട്ട് ദിവസമായി തുടരുന്ന അനിശ്ചിതത്വം ഘടകകക്ഷികളിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. തീരുമാനം വൈകുന്നത് പാർട്ടിയുടെ രാഷ്ട്രീയ നിലപാടിനും ബാധകമാകുന്നുവെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button