തമിഴ്നാട് നിയമസഭയിൽ ഇനി വിജയ്-ഉദയനിധി പോരാട്ടം; പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ഏറ്റുമുട്ടലിന് വേദിയൊരുങ്ങി. ഡിഎംകെ നിയമസഭാകക്ഷി യോഗം ഉദയനിധി സ്റ്റാലിൻനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ഇതോടെ മുഖ്യമന്ത്രിയായ സി ജോസഫ് വിജയ്യും ഉദയനിധിയും തമ്മിലുള്ള പോരാട്ടമാകും ഇനി തമിഴ്നാട് നിയമസഭയിലെ പ്രധാന രാഷ്ട്രീയ ചർച്ച.
വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസമാണ് ഉദയനിധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. ഇതിലൂടെ ഡിഎംകെയിൽ തലമുറമാറ്റത്തിനും ഔദ്യോഗിക തുടക്കമായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മുതിർന്ന നേതാവ് കെ എൻ നെഹ്‌റുയെ നിയമസഭാകക്ഷി ഉപനേതാവായും തെരഞ്ഞെടുത്തു.
ഭരണകക്ഷിയായ ടിവികെയെയും മുഖ്യമന്ത്രി വിജയിനെയും നേരിടുക ഡിഎംകെയുടെ യുവമുഖമായ ഉദയനിധിയാകുമെന്നതാണ് പുതിയ രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രത്യേകത. നേതൃപദവി കരുണാനിധി കുടുംബത്തിനുള്ളിൽ തന്നെ നിലനിർത്തിയതിലൂടെ പാർട്ടിയിലെ അധികാരം കൂടുതൽ ഉറപ്പിക്കാനാണ് എം കെ സ്റ്റാലിൻ ശ്രമിക്കുന്നതെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
അതേസമയം, വിജയ് അധികാരമേറ്റ ആദ്യദിനം തന്നെ സർക്കാരിനെതിരെ വിവാദവും ശക്തമായി. സത്യപ്രതിജ്ഞ ചടങ്ങിൽ ‘വന്ദേമാതരം’ ആലപിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ രാഷ്ട്രീയ പോര്. തമിഴ് തായ് വാഴ്ത്ത് അവഗണിച്ചുവെന്നാരോപിച്ച് ഡിഎംകെയും ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന സിപിഐയും രംഗത്തെത്തി.
വേദിയിൽ വന്ദേമാതരം ആലപിച്ച് വിജയ് ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചുവെന്നും തമിഴ് തായ് വാഴ്ത്തിന് പ്രാധാന്യം നൽകിയില്ലെന്നും ഡിഎംകെ ആരോപിച്ചു. പശ്ചിമ ബംഗാളിലെ സത്യപ്രതിജ്ഞ ചടങ്ങുകളിൽ പോലും വന്ദേമാതരം ആലപിച്ചിരുന്നില്ലെന്ന് ഡിഎംകെ അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകൾ ചൂണ്ടിക്കാട്ടി.
അതേസമയം, 2021-ൽ സ്റ്റാലിൻ മുഖ്യമന്ത്രിയായിരിക്കെ രാജേന്ദ്ര ആർലേക്കർ ഗവർണറായി ചുമതലയേറ്റ ചടങ്ങിൽ വന്ദേമാതരം ആലപിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ടിവികെ അനുകൂലികൾ തിരിച്ചടിച്ചത്.
പ്രോട്ടോക്കോൾ മാറ്റത്തിന് കാരണം വ്യക്തമാക്കണമെന്നും തമിഴ് തായ് വാഴ്ത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നുമാണ് സിപിഐയുടെ വിമർശനം. സംസ്ഥാനത്തിന്റെ പാരമ്പര്യം ഇതല്ലെന്നും നിയമസഭാ ചടങ്ങുകളിൽ തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്നുമാണ് പാർട്ടി ആവശ്യപ്പെട്ടത്.



