ദില്ലിയിൽ മുഖ്യമന്ത്രി ചർച്ച ക്ലൈമാക്സിലേക്ക്; കെസി, വിഡി, ചെന്നിത്തല പക്ഷങ്ങൾ കടുത്ത നിലപാടിൽ

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ ദില്ലിയിൽ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ കോൺഗ്രസിനകത്തെ ചേരിപ്പോരാട്ടം കൂടുതൽ ശക്തമാകുന്നു. വി ഡി സതീശൻ പക്ഷവും രമേശ് ചെന്നിത്തല പക്ഷവും കടുത്ത നിലപാടിലേക്കാണ് നീങ്ങുന്നതെന്നാണ് സൂചന.
എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ദില്ലിയിലെ വസതിയിൽ ആരംഭിച്ച നിർണായക യോഗത്തിലാണ് കേരളത്തിലെ നേതാക്കളുടെ അഭിപ്രായങ്ങൾ ചർച്ച ചെയ്യുന്നത്. എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നു.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനത്തിൽ എം എൽ എമാരുടെ ഭൂരിപക്ഷ പിന്തുണ നിർണായകമാകുമെന്ന നിലപാട് കെ സി വേണുഗോപാൽ പക്ഷം ശക്തമായി ഉന്നയിക്കുന്നുവെന്നാണ് വിവരം. ഈ നിലപാട് അംഗീകരിക്കപ്പെടുന്ന സാഹചര്യത്തിൽ ദില്ലി ചർച്ചയുടെ ക്ലൈമാക്സിൽ തന്നെ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി സാധ്യതയും നിലനിൽക്കുന്നുണ്ട്.
അതേസമയം, മുഖ്യമന്ത്രി സ്ഥാനമല്ലാത്ത യാതൊരു നിർദ്ദേശവും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് വി ഡി സതീശൻ പക്ഷം. ഘടകകക്ഷികളുടെ പിന്തുണയും ജനവികാരവും തനിക്കനുകൂലമാണെന്ന വിലയിരുത്തലിലാണ് അവർ.
തീരുമാനം പ്രതികൂലമായാൽ കടുത്ത നിലപാടിലേക്ക് ചെന്നിത്തലയും കടക്കുമെന്ന സൂചനകളും പുറത്തുവരുന്നു. മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന നിലപാട് അദ്ദേഹം അടുപ്പമുള്ളവരോട് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
യോഗത്തിൽ കെ പി സി സി നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കാൻ സണ്ണി ജോസഫിനെയും ഖർഗെ വിളിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ട ചർച്ചയിൽ രാഹുൽ ഗാന്ധിയും ഖർഗെയോടൊപ്പം പങ്കെടുക്കുന്നുണ്ട്.
ഭൂരിപക്ഷ എം എൽ എമാരുടെ പിന്തുണ കെ സി വേണുഗോപാലിനാണെന്നും, അതേസമയം ഘടകകക്ഷികളുടെ പിന്തുണ വി ഡി സതീശനാണെന്നും റിപ്പോർട്ടുകളുണ്ട്. സീനിയോറിറ്റി പരിഗണിക്കണമെന്ന ആവശ്യമാണ് ചെന്നിത്തല പക്ഷം മുന്നോട്ട് വെക്കുന്നത്.
ഇതെല്ലാം പരിഗണിച്ചുള്ള ഖർഗെയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഹൈക്കമാൻഡ് അന്തിമ തീരുമാനം കൈക്കൊള്ളുക എന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.



