മുഖ്യമന്ത്രി ചർച്ചയിൽ പിന്മാറില്ലെന്ന് കെ സി വേണുഗോപാൽ പക്ഷം; തെരുവ് പ്രതിഷേധങ്ങൾക്കെതിരെ കെ സി ജോസഫിന്റെ രൂക്ഷ വിമർശനം

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള കോൺഗ്രസിനകത്തെ നിർണായക ചർച്ചകൾക്കിടെ ഒരടി പോലും പിന്നോട്ടില്ലെന്ന നിലപാട് ആവർത്തിച്ച് കെ സി വേണുഗോപാൽ പക്ഷം. ഇപ്പോഴുള്ള ബഹളങ്ങൾക്കും കോലാഹലങ്ങൾക്കും പാർട്ടി നേതൃത്വം വിലകൽപ്പിക്കുന്നില്ലെന്നും ജയിച്ചെത്തുന്ന എംഎൽഎമാരുടെ അഭിപ്രായമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും കെ പി സി സി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ വ്യക്തമാക്കി.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ നിർണായകമായത് എംഎൽഎമാരുടെ ഭൂരിപക്ഷമാണെന്നും അതാണ് അന്തിമ തീരുമാനം നിർണ്ണയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ നേരിടാൻ ശേഷിയുള്ള നേതാവായിരിക്കണം കേരളത്തിന്റെ മുഖ്യമന്ത്രിയാകേണ്ടതെന്നും കെ സി പക്ഷം നിലപാട് വ്യക്തമാക്കി.
ഉമ്മൻചാണ്ടിയുടെ ഫ്ലെക്സ് കീറിയ സംഭവത്തിൽ അത്യന്തം വേദനയുണ്ടെന്നും അത്തരക്കാർ കോൺഗ്രസുകാരായി കണക്കാക്കാനാകില്ലെന്നും കെ പി ശ്രീകുമാർ വിമർശിച്ചു. സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ പാർട്ടി തീരുമാനങ്ങളെ ബാധിക്കില്ലെന്നും ലോക്ക് ചെയ്ത പ്രൊഫൈലുകളിലൂടെ നടത്തുന്ന പ്രചാരണങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രി ചർച്ചകൾ തെരുവിലേക്കും പൊതുയിടങ്ങളിലേക്കും വ്യാപിക്കുന്നതിൽ കടുത്ത വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ് രംഗത്തെത്തി. ഇത്തരത്തിലുള്ള പരസ്യ പ്രതിഷേധങ്ങൾ പാർട്ടിക്കും മുന്നണിക്കും ഗുരുതരമായ തിരിച്ചടിയുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
“തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നത്” പോലുള്ള സമീപനങ്ങൾ ഒഴിവാക്കണമെന്നും അധികാര വടംവലികൾ പരസ്യമാക്കുന്നത് വിനാശകരമാണെന്നും കെ സി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. തിരുവനന്തപുരം ഉൾപ്പെടെ നടന്ന പ്രതിഷേധങ്ങളിൽ ഉമ്മൻചാണ്ടിയുടെ ചിത്രങ്ങൾ പോലും അപമാനിക്കപ്പെട്ടത് എല്ലാവരെയും വേദനിപ്പിച്ച സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ചർച്ചകളെ ചുറ്റിപ്പറ്റി കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലുള്ള വ്യത്യസ്ത ചേരികൾ സജീവമായി കരുനീക്കങ്ങൾ നടത്തുന്നതായാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. പാർട്ടിയുടെ അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നാണ് വിലയിരുത്തൽ.



