ഖാർഗെയുടെ ഇടപെടലിന് പിന്നാലെ തമിഴ്നാട് രാഷ്ട്രീയം ചൂടുപിടിച്ചു; വിജയ് സർക്കാരിന് വഴി തെളിയുമോ?

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾ വീണ്ടും നിർണായക ഘട്ടത്തിലേക്ക്. ഭൂരിപക്ഷം തെളിയിക്കാൻ രണ്ട് സീറ്റുകൾ കൂടി ആവശ്യമായ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) വി.സി.കെയുടെ പിന്തുണ പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്. വി.സി.കെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പാർട്ടിയുടെ സംസ്ഥാന സമിതി യോഗത്തിൽ ടി.വി.കെയ്ക്ക് അനുകൂലമായ നിലപാട് രൂപപ്പെട്ടതായാണ് സൂചന.
ഇന്ത്യ മുന്നണിയിലെ ഘടകകക്ഷിയായ വി.സി.കെ ടി.വി.കെയ്ക്ക് പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാവ് തോൾ തിരുമാവളവനുമായി ഫോണിൽ സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന വി.സി.കെ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. അതനുസരിച്ചാകും സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനവും കൈക്കൊള്ളുക.
ഇതിനിടെ, “ഞങ്ങളെ ഒതുക്കാൻ ശ്രമിച്ചാലും ഒടുവിൽ ആരാണ് ഭരിക്കേണ്ടത് എന്ന് ഞങ്ങളാകും തീരുമാനിക്കുക” എന്ന പരാമർശവുമായി വി.സി.കെ നിയുക്ത എം.എൽ.എ വണ്ണി അരസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചതും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു.
ഇന്നലെ വൈകിട്ട് തന്നെ വി.സി.കെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അത് ഉണ്ടായില്ല. രാത്രി തിരുമാവളവൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വസതിയിലെത്തി ചർച്ച നടത്തി. പിന്നീട് ഉദയനിധി സ്റ്റാലിനെയും കണ്ടതോടെ വി.സി.കെ ടി.വി.കെയെ പിന്തുണയ്ക്കില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളും ശക്തമായി.
അതേസമയം, ടി.ടി.വി ദിനകരൻ വലിയ ആരോപണവുമായി രംഗത്തെത്തി. തന്റെ നിയുക്ത എം.എൽ.എയെ കാണാനില്ലെന്നും ടി.വി.കെ വ്യാജ കത്ത് പ്രചരിപ്പിച്ചുവെന്നുമാണ് ഗവർണർക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. എന്നാൽ ഇത് ടി.വി.കെ തള്ളി. കത്ത് വ്യാജമല്ലെന്നും എം.എൽ.എ കാറിൽ ഇരുന്ന് കത്തിൽ ഒപ്പിടുന്ന ദൃശ്യങ്ങളും പാർട്ടി പുറത്തുവിട്ടു.
ടി.വി.കെയ്ക്ക് നിലവിൽ 116 എം.എൽ.എമാരുടെ പിന്തുണ മാത്രമാണ് ഉറപ്പായിട്ടുള്ളത്. എന്നാൽ ലോക് ഭവനിലേക്ക് പോകുന്നതിനുമുമ്പ് 121 എം.എൽ.എമാരുടെ പിന്തുണ ഉറപ്പായെന്നായിരുന്നു പാർട്ടി അവകാശപ്പെട്ടത്. അതിൽ അമ്മാ മക്കൾ മുന്നേറ്റ കഴകത്തിലെ ഒരംഗത്തിന്റെ പിന്തുണയും ഉൾപ്പെട്ടിരുന്നു.
എൻ.ഡി.എ ഘടകകക്ഷികളുടെ പിന്തുണ തേടില്ലെന്നായിരുന്നു ടി.വി.കെ ഡെപ്യൂട്ടി സെക്രട്ടറി നിർമ്മൽ കുമാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ പുറത്തുവന്ന ചില വീഡിയോകൾ ഇത് ചോദ്യം ചെയ്യുന്നതായും രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ രൂപീകരണത്തിന് മുന്നിൽ ടി.വി.കെ ഇനിയും നിരവധി പ്രതിസന്ധികൾ നേരിടുന്നുവെന്നാണ് വിലയിരുത്തൽ. എതിർചേരിയിലെ എം.എൽ.എയെ കാറിൽ ഇരുത്തി ഒപ്പിടിപ്പിച്ചതെന്ന ആരോപണം കുതിരക്കച്ചവട വിവാദമായി മാറാൻ സാധ്യതയുണ്ട്. ഗവർണർ ഈ വാദം അംഗീകരിച്ചാൽ നിയമസഭ മരവിപ്പിക്കാനോ അന്വേഷണം പ്രഖ്യാപിക്കാനോ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
പത്താം തീയതിക്കുള്ളിൽ സർക്കാർ രൂപീകരണം നടന്നില്ലെങ്കിലും ഗവർണർക്ക് ഭരണഘടനാപരമായ ഇടപെടൽ നടത്താനാകും. ഇതിനിടെ, വി.സി.കെ ഒരു ഘട്ടത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. വിജയ് തിരുമാവളവനോട് ആവശ്യമായ ബഹുമാനം കാണിച്ചില്ലെന്ന ഈഗോ പ്രശ്നവും ചർച്ചയാകുന്നുണ്ട്.
വിജയ്‌യെ അധികാരത്തിൽ നിന്ന് അകറ്റിനിർത്താനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് കോൺഗ്രസ് എം.പി മാണിക്കം ടാഗോർ ആരോപിച്ചു. സത്യപ്രതിജ്ഞയ്ക്ക് എത്താൻ രാഹുൽ ഗാന്ധി ഇന്ന് രാവിലെ തീരുമാനിച്ചിരുന്നുവെങ്കിലും രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടർന്ന് യാത്ര റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്. നാളെ സത്യപ്രതിജ്ഞ നടന്നാൽ അദ്ദേഹം പങ്കെടുക്കാനിടയുണ്ട്.
ഇതിനിടെ, പുതുച്ചേരിയിലെ റിസോർട്ടിലുള്ള എം.എൽ.എമാരോട് ചെന്നൈയിൽ എത്താൻ എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി നിർദേശം നൽകിയതും പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. നിയമസഭ പിരിച്ചുവിടുകയോ മരവിപ്പിക്കുകയോ ചെയ്യരുതെന്നും സർക്കാർ രൂപീകരിക്കപ്പെടണമെന്നും എം.കെ. സ്റ്റാലിൻ പ്രതികരിച്ചതായും റിപ്പോർട്ടുകളുണ്ട്.
രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ, സാധാരണ ജനങ്ങളിൽ വിജയ്‌ക്കുള്ള പിന്തുണ വർധിക്കുകയാണെന്ന വിലയിരുത്തലും ശക്തമാണ്. മുഖ്യമന്ത്രിയല്ലാത്ത വിജയ് പോലും ഡി.എം.കെക്കും എ.ഐ.എ.ഡി.എം.കെക്കും വലിയ വെല്ലുവിളിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.



