പിണറായി തന്നെ പ്രതിപക്ഷ നായകൻ; പിന്നാലെ നേതൃമാറ്റത്തിന് സിപിഎം നീക്കം

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു കനത്ത തിരിച്ചടി നേരിട്ടെങ്കിലും മുന്നണിയെ നയിച്ച പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകും.
ഇക്കാര്യത്തില്‍ സി.പി.എം. സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പൂര്‍ണപിന്തുണ ലഭിച്ചു. തോല്‍വിയുടെ ഉത്തരവാദിത്വവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി പിണറായി മാറിനില്‍ക്കുമെന്നു സൂചനയുണ്ടായിരുന്നു. എന്നാല്‍, അത് ഒളിച്ചോട്ടമായി വ്യഖ്യാനിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു പിണറായി തന്നെ തല്‍ക്കാലം പ്രതിപക്ഷ നേതാവാകണമെന്ന നിലപാടിലേക്ക് എത്തിയത്.
ഇടയ്ക്കുവച്ചു പിണറായി സ്ഥാനമൊഴിഞ്ഞ് പുതിയ ആളെ ഏല്‍പിക്കാനാണു പാര്‍ട്ടി ഉദ്ദേശിക്കുന്നത്. പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ഒഴിയുന്നപക്ഷം അതു പാര്‍ട്ടിക്കു തിരിച്ചടിയാകുമെന്നും സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നു. സി.പി.ഐ. നേതാവ് കെ. രാജന്‍ പ്രതിപക്ഷ ഉപനേതാവാകുമെന്നാണു സൂചന.
അതേസമയം, സര്‍ക്കാരില്‍ പാര്‍ട്ടിക്കു നിയന്ത്രണം നഷ്ടമായതാണു തിരിച്ചടിക്കു പ്രധാനകാരണമെന്നാണു സി.പി.എമ്മിലെ ഒരുവിഭാഗം നേതാക്കള്‍ പറയുന്നത്. കോടിയേരി ബാലകൃഷ്ണനേപ്പോലുള്ള നേതാക്കളുടെ അസാന്നിധ്യം കാരണം പാര്‍ട്ടിയും മുഖ്യമന്ത്രിയും തമ്മിലുള്ള വിടവുവര്‍ധിച്ചു.
കോടിയേരിയായിരുന്നു പാര്‍ട്ടിയും മുഖ്യമന്ത്രിയും തമ്മിലുള്ള ആശയവിനിമയത്തിന്റെ പാലം. അദ്ദേഹത്തിന്റെ മരണശേഷം ഇതില്‍ വീഴ്ചയുണ്ടായി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്ക് ഇതു വേണ്ടവിധം കൈകാര്യം ചെയ്യാനായില്ല. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടിക്കായിരുന്നു സര്‍ക്കാരിനുമേല്‍ നിയന്ത്രണം.
എന്നാല്‍, എം.വി. ഗോവിന്ദനു മുഖ്യമന്ത്രിയുടെമേല്‍ നിയന്ത്രണമുണ്ടായിരുന്നില്ല. ഇവിടെയാണു കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതാവിന്റെ അസാന്നിധ്യം സി.പി.എമ്മിനു തിരിച്ചടിയാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *