പുതിയ മുഖങ്ങള്‍ നേതൃത്വം ഏറ്റെടുക്കണം; പിണറായി വിജയന് പ്രതിപക്ഷ നേതൃസ്ഥാനം വേണ്ടെന്ന് സിപിഐ ആവശ്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ തിരിച്ചടിക്ക് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. വെറും 35 സീറ്റുകളിലേക്ക് ചുരുങ്ങിയ മുന്നണിയിൽ സിപിഎമ്മിന് 26 സീറ്റുകളും സിപിഐയ്ക്ക് എട്ട് സീറ്റുകളും ആർജെഡിക്ക് ഒരു സീറ്റുമാണ് ഉള്ളത്.
ഇതിനിടയിൽ, പിണറായി വിജയനെ പ്രതിപക്ഷ നേതാവായി പരിഗണിക്കരുതെന്ന നിലപാട് സിപിഐ ദേശീയ നേതൃത്വ യോഗത്തിൽ ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിണറായിയുടെ നേതൃത്വ ശൈലിയാണ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായതെന്ന് യോഗത്തിൽ വിലയിരുത്തിയതായും സൂചനയുണ്ട്. മുന്നണിയിൽ പുതിയ മുഖങ്ങൾ നേതൃത്വത്തിലേക്ക് വരണമെന്നതാണ് സിപിഐയുടെ പ്രധാന ആവശ്യം.
ഈ നിലപാട് സിപിഐ സംസ്ഥാന നേതൃത്വത്തിനും സിപിഎമ്മിനും ഔദ്യോഗികമായി അറിയിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സിപിഎമ്മിൽ നിന്നുള്ള വ്യക്തി തന്നെയാകും എത്തുക എന്നത് ഏറെക്കുറെ ഉറപ്പായിരിക്കെ, ഉപനേതൃ സ്ഥാനത്തിനായി സിപിഐ അവകാശവാദം ഉന്നയിക്കാനാണ് സാധ്യത.
എൽഡിഎഫിലെ മറ്റു ഘടകകക്ഷികൾക്കും നിയമസഭയിൽ പ്രാതിനിധ്യം കുറഞ്ഞ സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും ലക്ഷ്യമിട്ട് വിമർശനങ്ങൾ ശക്തമാകാൻ സാധ്യതയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ തുടർച്ചയായ ചർച്ചകൾ നടക്കുകയാണ്. പിണറായി വിജയൻ മുന്നോട്ട് വരാത്ത പക്ഷം മുഹമ്മദ് റിയാസ്, സജി ചെറിയാൻ, കെ.എൻ. ബാലഗോപാൽ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്. ഇവരിൽ ബാലഗോപാലിനാണ് കൂടുതൽ സാധ്യതയെന്നുമാണ് നിലവിലെ വിലയിരുത്തൽ.



