കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാർ; ലീഗിന് വിദ്യാഭ്യാസത്തിന് പകരം ആരോഗ്യം’ മന്ത്രിസഭാ വിഭജന ചർച്ചകൾ സജീവം

ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഘടകകക്ഷികളുമായി ചർച്ചകൾ നടത്താൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. വകുപ്പുകളുടെ വിഭജനത്തിൽ അന്തിമ ധാരണയിലെത്തുന്നതിനായി അടിയന്തരമായ ചർച്ചകൾ ആരംഭിക്കാനാണ് നീക്കം.
ആഭ്യന്തരം, ധനകാര്യം, റവന്യൂ, വനം, ദേവസ്വം, ഊർജം, ടൂറിസം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കോൺഗ്രസ് സ്വന്തം കൈവശം വയ്ക്കാനാണ് സാധ്യത. പകരം ജലസേചനം, കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സിവിൽ സപ്ലൈസ്, ഫിഷറീസ്, തൊഴിൽ, ഗതാഗതം തുടങ്ങിയ വകുപ്പുകൾ ഘടകകക്ഷികൾക്ക് നൽകാനാണ് ആലോചന.
വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന് നൽകേണ്ടതില്ലെന്ന നിലപാട് കോൺഗ്രസിൽ ശക്തമായിരിക്കുകയാണ്. പകരം ആരോഗ്യ വകുപ്പ് നൽകാനാണ് സാധ്യത. വ്യവസായം, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത് വകുപ്പുകൾ ലീഗിന് ലഭിക്കാമെന്നാണ് സൂചന.
മുൻ യു.ഡി.എഫ് സർക്കാരുകളിൽ ഐടി വകുപ്പ് ലീഗിന് നൽകിയിരുന്നെങ്കിലും ഇത്തവണ അത് കോൺഗ്രസ് തന്നെ കൈവശം വയ്ക്കണമെന്ന അഭിപ്രായവും ശക്തമാണ്. പുതിയ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിസ്ഥാനങ്ങൾ കോൺഗ്രസിനായിരിക്കും.
മുസ്ലിം ലീഗിന് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ലഭിക്കാനാണ് സാധ്യത. എന്നാൽ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് ലീഗ് സമ്മർദ്ദം ചെലുത്തുമോ എന്ന ആശങ്കയും കോൺഗ്രസിനുണ്ട്. സമ്മർദ്ദം ഉയർന്നാൽ അധിക മന്ത്രിസ്ഥാനം നൽകേണ്ടിവരുമെന്നും, അപ്പോൾ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകില്ലെന്നുമാണ് സൂചന.
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രിസ്ഥാനംയും ചീഫ് വിപ്പ് സ്ഥാനവും ലഭിച്ചേക്കും. ആർ.എസ്.പി.ക്കും ഒരു മന്ത്രിസ്ഥാനം അനുവദിക്കാനാണ് സാധ്യത. ഒരു സീറ്റുള്ള കേരള കോൺഗ്രസ് (ജേക്കബ്), ആർ.എം.പി., സി.എം.പി. എന്നിവയ്ക്ക് ടേം അടിസ്ഥാനത്തിൽ മന്ത്രിസ്ഥാനങ്ങൾ നൽകാനാണ് ആലോചന.
ഘടകകക്ഷികളുമായി വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം.



