കാക്കനാട്ടെ മൂന്ന് പേരുടേയും തൂങ്ങിമരണം, അമ്മ ആദ്യം തൂങ്ങി, പിന്നാലെ മനീഷ് വിജയ്‌യും ശാലിനിയും

0

 കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറും ജാര്‍ഖണ്ഡ് സ്വദേശിയുമായ മനീഷ് വിജയ്‌യുടെയും കുടുംബത്തിന്റെയും തൂങ്ങിമരണമെന്ന് സ്ഥിരീകരണം. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമ്മ ശകുന്തളയാണ് ആദ്യം തൂങ്ങിയത്. അമ്മ മരിച്ച ശേഷം മക്കളായ മനീഷും ശാലിനിയും അഴിച്ച് കട്ടിലില്‍ കിടത്തി. തുടര്‍ന്ന് ഇരുവരും തൂങ്ങുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മനീഷ് വിജയിയേയും കുടുംബത്തേയും കാക്കനാട് ഈച്ചമുക്കിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലീവ് കഴിഞ്ഞിട്ടും മനീഷ് വിജയ് ഓഫീസില്‍ എത്താതായതോടെ സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇതോടെ സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തി പരിശോധിച്ചപ്പോഴാണ് മനീഷ് വിജയിയേയും സഹോദരിയേയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും ഫോറന്‍സിക് സംഘവുമെത്തി പരിശോധിച്ചപ്പോഴാണ് അമ്മ ശകുന്തള അഗര്‍വാളിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ ബെഡ് ഷീറ്റിട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ചുറ്റും പൂക്കളും കുടുംബ ഫോട്ടോയും വെച്ചിരുന്നു. ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

മനീഷ് വിജയ്‌യുടേയും കുടുംബത്തിന്റെയും മരണം സംബന്ധിച്ച് പല രീതിയിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മൂവരും ആത്മഹത്യ ചെയ്തുവെന്നായിരുന്നു ഒരു വാദം. ജോലിയുടെ ഭാഗമായി നേരിട്ട പ്രശ്‌നങ്ങളായിരുന്നു ഉയര്‍ന്ന മറ്റൊരു വാദം. മനീഷും ശാലിനിയും അമ്മയുമായി വൈകാരിക ബന്ധം സൂക്ഷിച്ചിരുന്നുവെന്നും അമ്മ ആദ്യം മരിക്കുകയും അമ്മയുടെ വേര്‍പാടില്‍ മനംനൊന്ത് മക്കള്‍ ജീവനൊടുക്കിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മൂന്ന് പേരുടേയും തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചതോടെ ആത്മഹത്യയാണെന്ന നിലപാടില്‍ പൊലീസ് ഉറച്ചു. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിച്ച ശേഷം മരണകാരണത്തില്‍ കൂടുതല്‍ വ്യക്തതവരും.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

LEAVE A REPLY

Please enter your comment!
Please enter your name here