ആറ് സൗജന്യ സിലിണ്ടറുകളും ₹2500 സഹായവും; ക്ഷേമ വാഗ്ദാനങ്ങളിലൂടെ തമിഴ്നാട്ടിൽ വിജയിയുടെ മാസ്റ്റർപ്ലാൻ

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) അപ്രതീക്ഷിത മുന്നേറ്റവുമായി ശ്രദ്ധേയമായി. കന്നിയങ്കത്തിൽ തന്നെ പാർട്ടി മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡി.എം.കെക്കും വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്.
വോട്ടെണ്ണൽ ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ 90-ലേറെ സീറ്റുകളിൽ ടി.വി.കെ മുന്നേറ്റം ആരംഭിച്ചതോടെ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ തരംഗമാണ് രൂപപ്പെട്ടത്. സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരെ ലക്ഷ്യമിട്ട് അവതരിപ്പിച്ച ക്ഷേമാധിഷ്ഠിത പ്രകടന പത്രികയാണ് വിജയത്തിന് പിന്നിലെ പ്രധാന ഘടകമായി വിലയിരുത്തപ്പെടുന്നത്.
സ്ത്രീകൾക്ക് പ്രതിമാസ ധനസഹായം, സൗജന്യ എൽ.പി.ജി സിലിണ്ടറുകൾ, തൊഴിലില്ലാത്ത യുവാക്കൾക്ക് സാമ്പത്തിക പിന്തുണ, കർഷകരുടെ വായ്പ എഴുതിത്തള്ളൽ തുടങ്ങിയ വാഗ്ദാനങ്ങൾ നിർണായക വോട്ടുബാങ്കുകളിൽ സ്വാധീനം ചെലുത്തി. ‘തായ്ക്ക് തലൈമൈ’ പദ്ധതി ഉൾപ്പെടെയുള്ള സ്ത്രീകേന്ദ്രിത പദ്ധതികളും ശ്രദ്ധ നേടി.
വിദ്യാഭ്യാസ രംഗത്ത് നീറ്റ് പരീക്ഷ പിൻവലിക്കുമെന്ന വാഗ്ദാനവും പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം ഉറപ്പാക്കുമെന്ന നിലപാടും വിദ്യാർത്ഥികളും രക്ഷിതാക്കളും തമ്മിൽ വലിയ സ്വീകാര്യത നേടി. യുവാക്കൾക്കായി വായ്പ, സ്റ്റൈപൻഡ്, തൊഴിൽ പദ്ധതികൾ എന്നിവയും പ്രഖ്യാപിച്ചിരുന്നു.
തിരുവള്ളുവരുടെ ‘അരം, പൊരുൾ, ഇമ്പം’ എന്ന തത്വങ്ങളിൽ ആധാരിതമായ പ്രകടന പത്രികയുമായി രംഗത്തെത്തിയ ടി.വി.കെ, ക്ഷേമവും ഭരണപരിഷ്‌കാരവും കൂട്ടിചേർത്ത സമീപനത്തിലൂടെയാണ് നഗര-ഗ്രാമ മേഖലകളിൽ ഒരുപോലെ സ്വാധീനം ചെലുത്തിയതെന്നാണ് വിലയിരുത്തൽ.
ആദ്യ രാഷ്ട്രീയ പരീക്ഷണത്തിൽ തന്നെ ശക്തമായ സാന്നിധ്യം രേഖപ്പെടുത്തിയ ടി.വി.കെ, തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നതാണ് നിലവിലെ സൂചന.



