മിന്നും വിജയം പിന്നാലെ മുഖ്യമന്ത്രിപദവി ചർച്ചകൾക്ക് തുടക്കം; കോണ്‍ഗ്രസിൽ നിര്‍ണായക നീക്കങ്ങൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതോടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടക്കുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് നേതൃത്വത്തിന്റെ ലക്ഷ്യം. വിജയിച്ച എംഎല്‍എമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിൽ നേതാവിനെ നിര്‍ദേശിച്ച ശേഷം ഘടകകക്ഷികളുമായി ആലോചിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയില്‍. മുന്നണിയെ ശക്തമായി നയിച്ച് വിജയത്തിലേക്ക് എത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം അണികളില്‍ ശക്തമാണ്. അതേസമയം, രമേശ് ചെന്നിത്തലയെയും പരിഗണിക്കണമെന്ന അഭിപ്രായവും ഉയരുന്നു.
എംഎല്‍എമാരില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണ കെ.സി. വേണുഗോപാലിനുണ്ടെന്ന വിലയിരുത്തലും അദ്ദേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍, ദേശീയ തലത്തിലെ ചുമതലകളിലുള്ളതിനാല്‍ അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മാറ്റുമോയെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് നിലപാട് നിര്‍ണായകമാകും. സതീശനും ചെന്നിത്തലയും തമ്മില്‍ അഭിപ്രായ ഭിന്നത ഉയര്‍ന്നാല്‍ സമവായ സ്ഥാനാര്‍ത്ഥിയായി വേണുഗോപാല്‍ പരിഗണിക്കപ്പെടാനിടയുണ്ട്.
ഇതോടൊപ്പം മന്ത്രിസഭാ രൂപീകരണവും പാര്‍ട്ടിക്ക് മുന്നിലുള്ള പ്രധാന ചുമതലയാണ്. ഘടകകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതിലും സമതുലിതാവസ്ഥ പാലിക്കേണ്ട സാഹചര്യമുണ്ട്. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കാനിടയുള്ളപ്പോള്‍, കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) രണ്ട് മന്ത്രിസ്ഥാനം, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് (ജേക്കബ് വിഭാഗം) എന്നിവയ്ക്ക് ഓരോ വകുപ്പ് വീതം ലഭിക്കുമെന്നാണ് സൂചന. സി.എം.പി.ക്ക് മന്ത്രിസ്ഥാനം നല്‍കണമോയെന്ന കാര്യത്തിലും ചര്‍ച്ചകള്‍ തുടരും.
വൻ വിജയത്തിന്റെ ആവേശം മങ്ങാതിരിക്കാനും തര്‍ക്കങ്ങള്‍ ഒഴിവാക്കിയും വേഗത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.



