മെയ് 6 വരെ പെരുമാറ്റച്ചട്ടം; 32,000ലേറെ പൊലീസുകാരുമായി കർശന സുരക്ഷ, വോട്ടെണ്ണൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. സംസ്ഥാനത്ത് ഇത്തവണ 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായും, ഇന്ന് കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാളെ രാവിലെ എട്ട് മണിയോടെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും. തുടർന്ന് എട്ടരയോടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണൽ ആരംഭിക്കും. വോട്ടെണ്ണലിനായി 15,465 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും, ഇവർക്കെല്ലാം ക്യുആർ കോഡ് ഉൾപ്പെടുത്തിയ പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 32,301 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സ്ട്രോംഗ് റൂമുകളുടെ സുരക്ഷ ചുമതല സിആർപിഎഫിനാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
അതേസമയം, മെയ് 6 വരെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കും. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ വിജയാഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമുകൾ തുറക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് അനുമതിയില്ല. തെറ്റായ ഫലങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. എല്ലാ സംശയങ്ങളും പരിഹരിച്ചതിന് ശേഷമേ ഓരോ റൗണ്ടിന്റെയും ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
വോട്ടെണ്ണൽ വൈകിട്ട് അഞ്ച് മണിയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. വേഗതയേക്കാൾ സുതാര്യതയ്ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രാധാന്യം നൽകുന്നതെന്നും, ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കണമെന്നും പൊതുജനങ്ങളോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.



