അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു; ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

തിരുവനന്തപുരം: അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥനായ എൻ പ്രശാന്ത്ക്കെതിരെ വീണ്ടും അച്ചടക്ക നടപടി സ്വീകരിച്ചു. സർക്കാരിനെതിരെ പരസ്യമായി പ്രതികരിച്ചതിനെ തുടർന്നാണ് നടപടി. പ്രശാന്തിനെതിരെ ഇത് എട്ടാമത്തെ അച്ചടക്ക നടപടിയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ അദ്ദേഹം സസ്‌പെൻഷനിലാണ്.
ചീഫ് സെക്രട്ടറിയായ എ ജയതിലക്യാണ് പ്രശാന്തിന് നോട്ടീസ് നൽകിയത്. ജയതിലകിനെതിരെ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തതും. കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരിക്കെയാണ് നടപടി ഉണ്ടായത്.
സോഷ്യൽ മീഡിയയിലൂടെ ജയതിലകിനെ പരിഹാസരൂപത്തിൽ വിമർശിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഫയലുകളും റിപ്പോർട്ടുകളും നിശ്ചിത രീതിയിൽ തയ്യാറാക്കാൻ വിസമ്മതിച്ച സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും നശിപ്പിച്ചുവെന്ന ഗുരുതര ആരോപണമാണ് പ്രശാന്ത് ഉന്നയിച്ചത്. ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ തുടരുമെന്നും അദ്ദേഹം മുമ്പ് വ്യക്തമാക്കിയിരുന്നു.



