യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രി ആര്? അനുകൂല ഫലം വന്നാൽ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിൽ

ദില്ലി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അനുകൂലമായാൽ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകർ സംസ്ഥാനത്തെത്തുമെന്ന് സൂചന. നിയുക്ത എംഎൽഎമാരുടെ അഭിപ്രായം തേടി തുടർനടപടികൾ വേഗത്തിലാക്കാനാണ് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിരിക്കുന്നത്. എംഎൽഎമാരുടെ നിലപാട് അറിഞ്ഞശേഷം ഘടകകക്ഷികളുമായും ആലോചിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും.
ഇതിനിടെ കെ.സി. വേണുഗോപാൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാനിടയുണ്ടെന്ന സൂചനയും ഉയരുന്നുണ്ട്. മികച്ച തരംഗം ഉണ്ടെങ്കിൽ 100 വരെ സീറ്റുകൾ നേടി അധികാരത്തിൽ എത്താമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഏതായാലും 80ന് മുകളിൽ സീറ്റുകൾ ഉറപ്പാണെന്ന വിലയിരുത്തലിലാണ് മുന്നണി.
വോട്ടെണ്ണൽ ദിനത്തിൽ കേന്ദ്രങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് കോൺഗ്രസ് പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൗണ്ടിംഗ് ഏജന്റുമാർക്ക് പ്രത്യേക പരിശീലനവും പൂർത്തിയാക്കിയതായി നേതൃത്വം അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തലസ്ഥാനത്തെ ഔദ്യോഗിക വസതിയിൽ നിന്നാകും ഫലപ്രഖ്യാപനം നിരീക്ഷിക്കുക. ഫലം പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചു. വോട്ടെണ്ണലിന് മുന്നോടിയായി പറവൂരിലെ പൊതുപരിപാടികളിൽ പങ്കെടുത്ത സതീശൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ച് “എല്ലാം നാളെ പറയും” എന്നായിരുന്നു മറുപടി.
അതേസമയം കെ.സി. വേണുഗോപാൽ കെപിസിസി ഓഫീസിലും രമേശ് ചെന്നിത്തല ഹരിപ്പാടും വോട്ടെണ്ണൽ ഫലം നിരീക്ഷിക്കും.



