ശൈശവ വിവാഹ ഇരയ്ക്ക് സുരക്ഷ ആവശ്യപ്പെട്ടു: കുറ്റക്കാരുടെ സംരക്ഷണത്തിൽ നിന്ന് മാറ്റണമെന്ന് ബാലാവകാശ കമ്മീഷനിൽ പരാതി

ശൈശവ വിവാഹത്തിന് ഇരയായ പെൺകുട്ടി കുറ്റക്കാരുടെ സംരക്ഷണയിൽ താമസിക്കുന്നത് ഒഴിവാക്കി സർക്കാരിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ബാലാവകാശ കമ്മീഷനിൽ പരാതി. കാസർകോട് എടച്ചാക്കെ അഴിക്കോട് നടന്ന ശൈശവ വിവാഹത്തിന് ചന്തേര പോലീസ് എടുത്ത കേസിൽ പ്രതിയായവരുടെ അനുയായികളോടൊപ്പം ശൈശവ വിവാഹത്തിന് ഇരയായ പെൺകുട്ടി താമസിക്കുന്നത് ഒഴിവാക്കി സർക്കാറിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് കുട്ടിയെ മാറ്റണമെന്ന് ആവിശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷനിൽ പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി നൽകിയത്.
കുട്ടിയെ ബാല വിവാഹം കഴിച്ച കേസിലെ ഒന്നാം പ്രതി രാജ്യം വിടുകയും ചെയ്തു. ശൈശവ വിവാഹം നടത്തിയതിന് ആവിശ്യമായ തെളിവുകൾ പ്രതികൾ വൻ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചത് ഗുരുതര കുറ്റകൃത്യമാണ്. കേസിൽ 4 പേരെ മാത്രമാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബാല വിവാഹമെന്ന ഗുരുതര കുറ്റകൃത്യത്തിന് സഹായിക്കുകയും നേതൃത്വം നൽകുകയും ചെയ്ത മുഴുവൻ വ്യക്തികളെയും പ്രതി പട്ടികയിൽ ചേർക്കേണ്ടതുണ്ട്.
പെൺകുട്ടിയുടെ സ്വതന്ത്ര മൊഴിയും നീതിപൂർവ്വമുള്ള ശാരീരിക പരിശോധനകളും ആവിശ്യമാണ്. പ്രതികളെ സംരക്ഷിക്കുന്ന മൊഴി പെൺകുട്ടിയിൽ നിന്ന് ശേഖരിച്ച് കേസിനെ ദുർബ്ബലപ്പെടുത്തുവാനാണ് ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നത്. കേസിൽ പോക്സോ ആക്ട് പ്രകാരമുള്ള നടപടിക്രമങ്ങൾ ആവിശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിൽ അടിയന്തിര തുടർ നടപടിയ്ക്ക് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ദിവസം കാസർകോട് എസ്.പി. യ്ക്ക് നിർദ്ദേശവും നൽകിയിരുന്നു



