തിരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില ഉയരുമോ?: രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

ഏപ്രിൽ 29-ന് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കാലത്തെ ആശ്വാസം അവസാനിച്ചുവെന്നും ഇനി ജനങ്ങളെ കൊള്ളയടിക്കുന്ന പണപ്പെരുപ്പത്തിന്റെ നാളുകളാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ മോദി സർക്കാർ ലാഭം കൊയ്തുവെന്നും, എന്നാൽ ഇപ്പോൾ വില കൂടുമ്പോൾ അതിന്റെ ഭാരം ജനങ്ങളുടെ തലയിൽ വെക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

സാമ്പത്തിക വിശകലന ഏജൻസിയായ കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ റിപ്പോർട്ട് ഉദ്ധരിച്ചാണ് ഇന്ധനവില വർദ്ധനവിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് അടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന് ശേഷം വില വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, ഈ വാർത്തകളെ പെട്രോളിയം മന്ത്രാലയം പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇന്ധനവില വർദ്ധിപ്പിക്കാനുള്ള യാതൊരു നിർദ്ദേശവും സർക്കാരിന്റെ പരിഗണനയിലില്ലെന്നും ഇത്തരം പ്രചരണങ്ങൾ ജനങ്ങളിൽ ഭീതിയുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ രാജ്യത്ത് കഴിഞ്ഞ മാസങ്ങളായി പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ് നിലവിലെ നിരക്ക്. മുംബൈ, ഹൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിലും പൊതുമേഖലാ എണ്ണക്കമ്പനികൾ വില സ്ഥിരമായി നിലനിർത്തിയിട്ടുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വില വർദ്ധിപ്പിക്കുന്നത് മോദി സർക്കാരിന്റെ പതിവാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം ദേശീയതലത്തിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *