മെയ് 4ന് വിധി തെളിയും; ആര് വാഴും, ആര് വീഴും?

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷം ആര് ഭരിക്കും എന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഏപ്രിൽ 9ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി ബാലറ്റ് പെട്ടികളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കെ, മെയ് 4ന് ഫലപ്രഖ്യാപനത്തോടെ രാഷ്ട്രീയ ചിത്രം വ്യക്തമാകും.

തുടർഭരണം ഉറപ്പാക്കാമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. പത്ത് വർഷത്തിന് ശേഷം അധികാരത്തിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. അതേസമയം, നിലവിൽ നിയമസഭയിൽ അംഗത്വമില്ലാത്ത എൻഡിഎയ്ക്ക് എത്ര സീറ്റുകൾ നേടാനാകുമെന്നതും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

മൂന്ന് മുന്നണികളും തങ്ങളുടെ നിലനിൽപ്പിനായുള്ള അവസാനഘട്ട പോരാട്ടത്തിലാണ്. ഏപ്രിൽ 29ന് പശ്ചിമ ബംഗാളിലെ അവസാനഘട്ട പോളിംഗ് പൂർത്തിയാകുന്നതോടെ രാജ്യത്തെ പ്രമുഖ വാർത്താമാധ്യമങ്ങൾ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടും. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും വിജയസാധ്യതകൾ അതിലൂടെ ഏകദേശമായി വ്യക്തമാകുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്തെ മുന്നണികളിലെ ഘടകകക്ഷികൾക്കാണ് കൂടുതൽ ആശങ്ക. ഒറ്റ സീറ്റിലോ രണ്ട് സീറ്റുകളിലോ മാത്രം മത്സരിച്ച പാർട്ടികളുടെ ഭാവി ഫലപ്രഖ്യാപനത്തോടെ തീരുമാനിക്കപ്പെടും. മുന്നണി വിജയിച്ചാലും സ്വന്തം പാർട്ടിക്ക് വിജയം നേടാനാകാതെ വരിക, അല്ലെങ്കിൽ പ്രതിപക്ഷത്തിലായാലും നിയമസഭാ പ്രാതിനിധ്യം ലഭിക്കാതെ പോകുക തുടങ്ങിയ സാഹചര്യങ്ങൾ ചെറുകക്ഷികൾക്ക് വലിയ തിരിച്ചടിയാകും.

യുഡിഎഫിൽ ആർഎസ്പി, സിഎംപി പോലുള്ള പാർട്ടികൾക്ക് കഴിഞ്ഞ കുറേ വർഷങ്ങളായി നിയമസഭയിൽ സാന്നിധ്യം ഉറപ്പാക്കാനായിട്ടില്ല. എൽഡിഎഫിൽ നിലവിൽ ജനാധിപത്യ കേരള കോൺഗ്രസ് മാത്രമാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത്. ബാക്കി എല്ലാ ഘടകകക്ഷികളും മത്സരരംഗത്തുണ്ട്.

ഇവരിൽ ആരൊക്കെ നിയമസഭയിലെത്തും, ആരൊക്കെ പുറത്താകും എന്നത് മെയ് 4ന് വ്യക്തമാകും. ഫലപ്രഖ്യാപനത്തിനായി രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *