“പാക്കിസ്ഥാൻ–അമേരിക്ക അടുപ്പം; മധ്യസ്ഥത തള്ളിക്കളഞ്ഞ് ഇറാൻ”

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചയിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്റെ പങ്കിൽ ആശങ്കയുയർത്തി ഇറാൻ.

നിർണായകമായ ഈ ഘട്ടത്തിൽ പാകിസ്ഥാന് നിഷ്പക്ഷമായി പ്രവർത്തിക്കാൻ കഴിയുമോ എന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥർ ചോദിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ ഉപരോധം, ആണവ നയങ്ങൾ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ തർക്കങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്ന സമയത്താണ് ഈ വിമർശനം ഉയരുന്നത്.

ചർച്ചകളിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ കഴിവിനെതിരെ ഇറാനിയൻ പാർലമെന്റംഗവും നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മീഷൻ വക്താവുമായ ഇബ്രാഹിം റെസായി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. പാകിസ്ഥാൻ ഒരു നല്ല സുഹൃത്തും അയൽരാജ്യവുമാണെന്ന് അദ്ദേഹം അംഗീകരിച്ചെങ്കിലും, നയതന്ത്ര ചർച്ചകൾക്ക് അനുയോജ്യമായ മധ്യസ്ഥതക്ക് ആവശ്യമായ വിശ്വാസ്യത പാകിസ്ഥാന് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പാകിസ്താൻ പലപ്പോഴും അമേരിക്കയുമായി ചേർന്നു നിൽക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അമേരിക്കയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാറില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താൽപ്പര്യങ്ങൾ പരിഗണിക്കുന്ന പാകിസ്ഥാൻ, അമേരിക്കൻ നിലപാടുകൾക്ക് വിരുദ്ധമായി ഒന്നും സംസാരിക്കാറില്ലെന്നും റെസായി ആരോപിച്ചു. അമേരിക്ക നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കുമ്പോൾ പോലും അതിനെതിരെ ലോകത്തോട് സംസാരിക്കാൻ പാകിസ്ഥാൻ തയ്യാറാകുന്നില്ല. ഒരു മധ്യസ്ഥൻ എപ്പോഴും നിഷ്പക്ഷനായിരിക്കണമെന്നും ഒരു ഭാഗത്തേക്ക് മാത്രം ചരിഞ്ഞു നിൽക്കരുതെന്നും ഇബ്രാഹിം റെസായി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *