51 വീടുകൾ കൈമാറി മുസ്ലിം ലീഗ്: കെ.ടി. ജലീലിന് മറുപടിയെന്ന് ടി. മുഹമ്മദ്”

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യഘട്ട വീടുകളുടെ ഗൃഹപ്രവേശനം ഇന്ന് നടക്കും. 51 കുടുംബങ്ങളാണ് ഇന്ന് പുതിയ വീടുകളിലേക്ക് മാറുന്നത്. വൈകിട്ട് നാലുമണിക്ക് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക. കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് സന്ദർശകർ ഈ പ്രദേശം ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം അഭ്യർത്ഥിച്ചു.
വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് കെ.ടി. ജലീൽ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയാണ് ഈ ദിവസമെന്ന് മുസ്ലിം ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് പറഞ്ഞു. മുസ്ലിം ലീഗ് ഭൂമി വാങ്ങിയത് കമ്മീഷൻ അടിക്കാനാണെന്നും തോട്ടഭൂമിയാണ് വാങ്ങിയതെന്നുമുള്ള ജലീലിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. ലീഗ് പറഞ്ഞ വാക്ക് പാലിക്കുന്നവരാണെന്നും മനസ്സിൽ കള്ളമുള്ളവർക്കേ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
40 കോടിയോളം രൂപ പിരിച്ചെടുത്ത ലീഗ്, ആ തുക ബാങ്കിലിട്ട് പലിശ എന്തുചെയ്തുവെന്ന് വ്യക്തമാക്കണമെന്ന് ഓഗസ്റ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജലീൽ ചോദിച്ചിരുന്നു. നേതാക്കളുടെ ബന്ധുക്കളിൽ നിന്നും അനുയായികളിൽ നിന്നും തോട്ടം ഭൂമി വാങ്ങിയത് കമ്മീഷൻ തട്ടാനാണെന്നായിരുന്നു ജലീലിന്റെ പ്രധാന വിമർശനം.



