“മഹാരാഷ്ട്രയിൽ ലോറി തൊഴിലാളികൾക്ക് നേരെ ഗുണ്ടാ ആക്രമണം കർശന നടപടി ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ”

കേരളത്തിൽ നിന്ന് മധ്യപ്രദേശിലേക്ക് ചരക്കുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയിൽ ഉണ്ടായ ഗുണ്ടാ ആക്രമണത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർക്കാണ് അദ്ദേഹം കത്തയച്ചത്. മഹാരാഷ്ട്രയിലെ ഉമർഖേഡിൽ വെച്ചായിരുന്നു ലോറി തടഞ്ഞുനിർത്തി ജീവനക്കാരെ ഗുണ്ടാസംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്.

മംഗളൂരു സ്വദേശി അൽവിൻ പയസ്, സഹായി താനെ സ്വദേശി മുഹമ്മദ് നധാഫ് എന്നിവർക്കാണ് പരിക്കേറ്റത്. കിലോമീറ്ററുകളോളം പിന്തുടർന്ന ശേഷം വിജനമായ സ്ഥലത്തുവെച്ച് ലോറി തടഞ്ഞ അക്രമിസംഘം യാതൊരു പ്രകോപനവുമില്ലാതെ മാരകായുധങ്ങളുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഇരുവരും റോഡിൽ ബോധരഹിതരായി കിടന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

ദേശീയ പാതകളിൽ ആയുധധാരികളായ സംഘങ്ങൾ വിഹരിക്കുന്നത് ആശങ്കാജനകമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ട് കുറ്റവാളികളെ ഉടൻ പിടികൂടണം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ അന്തർസംസ്ഥാന ചരക്ക് ഗതാഗത മേഖലയിലെ തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കണം. പരിക്കേറ്റ ജീവനക്കാർക്ക് വിദഗ്ധ ചികിത്സയും അടിയന്തര സാമ്പത്തിക സഹായവും ലഭ്യമാക്കണമെന്നും കെസി വേണുഗോപാല്‍ കത്തില്‍ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *