ഹണി എം. വർഗീസിനെതിരെ പരാതി: ക്രിമിനൽ ഗൂഢാലോചനയാണോ എന്ന് അന്വേഷിക്കണം

തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിയായി നിയമനം നൽകുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായ ഹണി എം. വർഗീസിനെതിരെ നടി ആക്രമണ കേസിലെ അതിജീവിത നൽകിയ പരാതിയെ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നൽകി.

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ചത്. സംസ്ഥാനത്ത് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരായി പ്രവർത്തിക്കുന്ന അഞ്ച് പേരെ ഹൈക്കോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം നൽകുന്നതിനായി കൊളീജിയം ശുപാർശ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയത്തിന്റെ ശുപാർശ ജുഡീഷ്യൽ യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിൽ ഉൾപ്പെട്ട ഹണി എം. വർഗീസ് മുൻപ് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരിക്കെ നടി ആക്രമണ കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചിരുന്നു. വിചാരണക്കാലത്തും വിധിക്ക് ശേഷവും കോടതിയെയും ജഡ്ജിയെയും പൊതുസമൂഹത്തിൽ അവമതിപ്പിക്കാൻ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നതായി പരാതിയിൽ ആരോപിക്കുന്നു.

വിധി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുള്ള സാഹചര്യത്തിൽ, വിചാരണ നടത്തിയ ജഡ്ജിയുടെ സ്ഥാനക്കയറ്റം തടയണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിവിധ ഭരണഘടനാ അധികാരികൾക്ക് പരാതി നൽകിയത് നിയമപരമായി നിലനിൽക്കാത്തതും ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായിരിക്കാമെന്നും അഡ്വ. ജയ്‌സിങ് ആരോപിച്ചു.

ഇത്തരം ആരോപണങ്ങൾക്കും പ്രചാരണങ്ങൾക്കും എതിരെ പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്യാത്തത് കൂടുതൽ അടിസ്ഥാനരഹിത പരാതികൾക്ക് പ്രചോദനമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ സ്ഥിതിവിവരം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായവരെ കോടതി ശിക്ഷിച്ചതായും കുറ്റവിമുക്തരായവർക്കെതിരെ പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നത് നീതിന്യായ വ്യവസ്ഥയ്ക്കുള്ള വെല്ലുവിളിയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *