മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടു കുട്ടികൾക്ക് സൂര്യാതപമേറ്റു

മലപ്പുറം വളാഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടു കുട്ടികൾക്ക് സൂര്യാതപമേറ്റു. പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ് – ഷാനില ദമ്പതികളുടെ മൂന്നു വയസ്സും അഞ്ചു വയസ്സുമുള്ള ആൺകുട്ടികൾക്കാണ് പൊള്ളലേറ്റത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. വീടിനു ചേർന്നുള്ള പറമ്പിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികൾ. മൂന്നു വയസ്സുകാരന്റെ കൈകൾക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ചു വയസ്സുകാരന്റെ കൈകൾക്കും പൊള്ളലുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുട്ടികളുടെ ശരീരത്തിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ബുധനാഴ്ചയോടെ ഇവ വലുതായി വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

കേരളത്തിൽ സമാനതകളില്ലാത്ത ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ മുഴുവൻ പേരും ജാ​ഗ്രത പുലർത്തണമെന്ന് ആരോ​ഗ്യ വകുപ്പ് ഉൾപ്പെടെ അറിയിച്ചിട്ടുണ്ട്. കുട്ടികളും പ്രായമായവരും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും പറഞ്ഞിട്ടുണ്ട്. കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചിരുന്നു. മലപ്പുറത്ത് ഇന്നലേയും കുട്ടികൾക്ക് സൂര്യാതപം ഏറ്റിരുന്നു. പകൽ 11 നും വൈകുന്നേരം നാലിനുമിടയിൽ നേരിട്ട് സൂ​ര്യപ്രകാശം ഏൽക്കാതിരിക്കാനും ശ്രദ്ധ വേണമെന്ന് നിർദ്ദേശമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *