കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തിൽ വീഴ്‌ചയുണ്ടായിട്ടില്ലെന്ന് നിലപാടിലുറച്ച് കേരള പൊലീസ്

തിരുവനന്തപുരം: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തിൽ വീഴ്‌ചയുണ്ടായിട്ടില്ലെന്ന് നിലപാടിലുറച്ച് കേരള പൊലീസ്. നാളെ പട്ടികജാതി, പട്ടികവർഗ കമ്മിഷന് മുമ്പാകെ ഹാജരായി ‌ഡിജിപി റവാഡ ചന്ദ്രശേഖർ ഇക്കാര്യം അറിയിക്കും.

പെൺകുട്ടി കേരളത്തിൽ തന്നെയുണ്ടെന്നും ആവശ്യപ്പെട്ടാൽ സംരക്ഷണം നൽകാൻ തയ്യാറാണെന്നും ‌ഡിജിപി കമ്മിഷനെ അറിയിക്കും. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായെന്ന് തെളിയിച്ചുകൊണ്ട് പൊലീസിലും തദ്ദേശവകുപ്പിലും ഹാജരാക്കിയ രേഖകൾ പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് വിവാഹം നടത്തിയതെന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഭാര്യ ഗർഭിണിയാണെന്നും ഉടൻ പൊലീസിന് മുന്നിൽ ഹാജരാകാൻ സാധിക്കില്ലെന്നും പെൺകുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാൻ അറിയിച്ചതിന് പിന്നാലെ ഇരുവരെയും കസ്റ്റഡിയിലെടുക്കാൻ കൊച്ചിയിലെത്തിയ മദ്ധ്യപ്രദേശ് പൊലീസ് സംഘം മടങ്ങിപ്പോയിരുന്നു. മാർച്ച് 17ന് കൊച്ചിയിലെത്തിയ സംഘത്തിന് ഇരുവരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

വൈറൽ താരത്തിനെയും ഭർ‌ത്താവിനെയും സഹായിച്ച സുഹൃത്ത് ജോഷ്വയെ കണ്ടെത്താനുള്ള ശ്രമവും വിഫലമായിരുന്നു.തിരുവനന്തപുരം പൂവാർ അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ മാർച്ച് 11നായിരുന്നു പെൺകുട്ടിയും ഫർമാനും വിവാഹിതരായത്.

പിന്നാലെയാണ് മകൾക്ക് 16 വയസ് മാത്രമാണ് പ്രായമെന്ന് ചൂണ്ടിക്കാട്ടി പിതാവ് മദ്ധ്യപ്രദേശ് പൊലീസിൽ പരാതിപ്പെട്ടതും മുഹമ്മദ് ഫർമാനെ പ്രതിയാക്കി പോക്സോ കേസ് രജിസ്റ്റർ ചെയ്തതും. തനിക്ക് പ്രായപൂർത്തിയായെന്നാണ് പെൺകുട്ടിയുടെ നിലപാട്. മദ്ധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തിയപ്പോൾ സംരക്ഷണം തേടി പെൺകുട്ടി മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസിനും കത്ത് നൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *