കോഴിക്കോട് കോൺഗ്രസിൽ അസംതൃപ്തി പുകയുന്നു; ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിൽ കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി. സീറ്റ് നിഷേധിച്ചതിലും തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് തഴഞ്ഞതിലും പ്രതിഷേധിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് സ്ഥാനമൊഴിഞ്ഞു. രാജിക്കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറി.
തിരഞ്ഞെടുപ്പ് വേളയിൽ ബേപ്പൂർ, എലത്തൂർ മണ്ഡലങ്ങളിൽ നിജേഷിന്റെ പേര് സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടികയിൽ ഇടം ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെ ബാലുശ്ശേരി മണ്ഡലത്തിന്റെ പ്രചാരണ ചുമതല നൽകാമെന്ന് നേതൃത്വം ഉറപ്പ് നൽകിയെങ്കിലും അതും പാലിക്കപ്പെട്ടില്ലെന്നാണ് നിജേഷിന്റെ പരാതി.
പാർട്ടിയിൽ നിന്നുണ്ടായ തുടർച്ചയായ അവഗണനയാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. അതേസമയം, പാർട്ടി ഭാരവാഹിത്വം രാജിവെച്ചെങ്കിലും താൻ രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് നിജേഷ് വ്യക്തമാക്കി. മറ്റൊരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശിക്കുന്നില്ല എന്നും കോൺഗ്രസുകാരനായി തന്നെ തുടരുമെന്നും നിജേഷ് വ്യക്തമാക്കി



