മണ്ഡല പുനർനിർണയം ‘തീക്കളി’: ശക്തമായ മുന്നറിയിപ്പുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ണ്ഡല പുനർനിർണയത്തിനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷമായ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. കേന്ദ്രത്തിന്റേത് തീക്കളിയാണെന്നും ഇതിന്റെ പ്രത്യാഘാതം കേന്ദ്രം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിൽ പ്രതിഷേധിച്ച് ഏപ്രിൽ 16 വ്യാഴാഴ്ച തമിഴ്‌നാട്ടിലുടനീളം വീടുകളിലും പൊതുയിടങ്ങളിലും കരിങ്കൊടി ഉയർത്തി പ്രതിഷേധിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. പാർട്ടി എംപിമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും അടിയന്തര യോഗത്തിന് ശേഷമാണ് സ്റ്റാലിൻ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള ചരിത്രപരമായ അനീതിയാണ് ഈ നടപടിയെന്ന് സ്റ്റാലിൻ ആരോപിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നൽകിയ വലിയ സംഭാവനകൾക്കുള്ള ശിക്ഷയാണോ ഇതെന്ന് അദ്ദേഹം ചോദിച്ചു. ജനസംഖ്യാ നിയന്ത്രണത്തിലും വികസനത്തിലും മികച്ച മാതൃക കാണിച്ച സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും, തമിഴ്‌നാടിന്റെ ശബ്ദം അവഗണിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാന ചിന്താഗതിയുള്ള മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരെ ഏകോപിപ്പിച്ച് ഈ നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

താനൊരു തമിഴൻ എന്ന നിലയിലാണ് ഈ മുന്നറിയിപ്പ് നൽകുന്നതെന്നും ഇത് കേവലം രാഷ്ട്രീയ വിഷയമല്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനാധിപത്യം നിലനിർത്തുന്നതിനും വേണ്ടിയുള്ള പോരാട്ടമാണിത്. ഇത് ഏതെങ്കിലും ഒരു പാർട്ടിയെ മാത്രം ബാധിക്കുന്ന ഒന്നല്ല, മറിച്ച് തമിഴ് ജനതയുടെ ഭാവി നിശ്ചയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ജനാധിപത്യ വിശ്വാസികളും ഈ നീക്കത്തിനെതിരെ ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *