തൃക്കരിപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് നേരെ കയ്യേറ്റ ശ്രമം

കാസർകോട്: തൃക്കരിപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് നേരെ കയ്യേറ്റ ശ്രമം. കാസർകോട്ടെ പടന്നക്കാട് നെഹ്റു കോളേജിൽ വോട്ടു ചോദിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. സംഘർഷത്തിൽ രണ്ട് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.
ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് ഡേ പ്രമാണിച്ച് നടന്ന പരിപാടിക്കിടെയാണ് സ്ഥാനാർത്ഥിയും പ്രവർത്തകരും വോട്ട് ചോദിക്കാനെത്തിയത്. എസ്എഫ്ഐ പ്രവർത്തകരാണ് സംഘർഷത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു.
കോളേജ് പരിസരത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. വോട്ട് തേടാനുള്ള ജനാധിപത്യപരമായ അവകാശങ്ങളെ തടയുന്നതാണ് ഇത്തരം നീക്കങ്ങളെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



