രാഹുലിന് രാഷ്ട്രീയം പറയാം, അതിൽ ആർക്കാണ് ഇത്ര കുഴപ്പം? പിന്തുണയുമായി കെ സി വേണുഗോപാൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനോട് ആർക്കാണ് ഇത്ര അസ്വസ്ഥതയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും സ്വന്തം രാഷ്ട്രീയം പ്രചരിപ്പിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ടെന്ന് വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു. ലൈംഗികാരോപണക്കേസുകളെത്തുടർന്ന് പുറത്താക്കപ്പെട്ട രാഹുൽ, സോഷ്യൽ മീഡിയയിലൂടെ സർക്കാരിനെതിരെ നടത്തുന്ന വിമർശനങ്ങളെ പിന്തുണച്ചുകൊണ്ടാണ് കെ.സി. വേണുഗോപാൽ രംഗത്തെത്തിയത്.

ഇടതു സർക്കാരിന്റെ പ്രകടനപത്രികയെയും വികസന അവകാശവാദങ്ങളെയും അദ്ദേഹം രൂക്ഷമായി പരിഹസിച്ചു. പത്ത് വർഷം കൊണ്ട് നടപ്പിലാക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വാഗ്ദാനം ചെയ്യുന്നത്. സമ്പൂർണ്ണ ദാരിദ്ര്യമുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം വെറും തട്ടിപ്പാണെന്നും 2021-ലെ പ്രകടനപത്രികയിൽ പറഞ്ഞ പെൻഷൻ തുക പോലും നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ ചിത്രം മോർഫ് ചെയ്ത് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് കൈരളി ന്യൂസിനെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും വേണുഗോപാൽ മുന്നറിയിപ്പ് നൽകി. വയനാട് ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും കെപിസിസി കൃത്യമായി വ്യക്തമാക്കുമെന്നും, ചോദ്യം ചോദിക്കുന്നവരെ സൈബർ ഇടങ്ങളിൽ അധിക്ഷേപിക്കുന്ന ശൈലി കോൺഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *