രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്

കൊച്ചി: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. വിശദമായ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്ത രഞ്ജിത്തിനെ നിലവിൽ എറണാകുളം സബ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.

രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ചയായിരിക്കും പരിഗണിക്കുക. കൊച്ചിയിലെ ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം കേസ് പരിഗണിച്ചുവെങ്കിലും പ്രൊഡക്ഷൻ വാറണ്ട് തയ്യാറാകാത്തതിനാൽ ശനിയാഴ്‌ചത്തേയ്ക്ക് മാറ്റുകയായിരുന്നു. രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതിനാൽ പുതിയ അഭിഭാഷകനാണ് പകരം വരിക.

അറസ്റ്റിലായതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായതിനാൽ രഞ്ത്തിനെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസിന് സാധിച്ചിരുന്നില്ല. അതിനാൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. കൂടുതൽ അന്വേഷണത്തിനായി അതിക്രമം നടന്ന ദിവസം സിനിമാ സെറ്റിലുണ്ടായിരുന്നവരെ പൊലീസ് വിളിപ്പിക്കുകയാണ്. പലരും നിലവിൽ കേരളത്തിലില്ല. മുംബയിലാണെന്നാണ് വിവരം. അവരോട് ഉടൻ കൊച്ചിയിലെത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

ജനുവരി 28ന് ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കാരവാനിൽ വച്ച് മോശമായി പെരുമാറിയെന്ന യുവനടിയുടെ പരാതിയെ തുടർന്നാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രാത്രി തൊടുപുഴ പുളിയൻമല റൂട്ടിൽ മുട്ടത്തിനു സമീപം രഞ്ജിത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡി.ജി.പിക്കും കൊച്ചി സെൻട്രൽ പൊലീസിനുമാണ് നടി പരാതി നൽകിയത്. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. കാരവനിൽ അനുമതിയില്ലാതെ പ്രവേശിച്ച ശേഷം രഞ്ജിത്ത് കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *