‘മൂന്ന് വട്ടം തുമ്മി, തൊണ്ട മുറിഞ്ഞ് രക്തം വരെ വന്നു’; പകച്ചുപോയ നിമിഷത്തെക്കുറിച്ച് കാർത്തിക് സൂര്യ

ടെലിവിഷൻ അവതാരകൻ, വ്ളോഗർ എന്നീ നിലകളിലെല്ലാം പ്രശസ്‍തനാണ് കാർത്തിക് സൂര്യ. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയ കീഴടക്കാന്‍ കാർത്തിക്കിന് സാധിച്ചിട്ടുണ്ട്. തനിക്ക് സംഭവിച്ച ഒരപകടത്തെക്കുറിച്ചാണ് താരം പുതിയ വീഡിയോയിൽ സംസാരിക്കുന്നത്.
”ഇന്നലെ രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ഞാനൊന്ന് തുമ്മി. തുമ്മിയത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ, കുറച്ചു നേരം കഴിഞ്ഞപ്പോഴത്തേക്കും ഭാര്യ എന്റെ മുതുകിൽ തടവി ഛർദിപ്പിച്ചുകൊണ്ടിരിക്കുകയാണ്”, എന്നു പറഞ്ഞാണ് കാർത്തിക് പറഞ്ഞ് തുടങ്ങിയത്. തുടർന്ന് കാര്യങ്ങൾ വിശദീകരിച്ചത് കാർത്തിക്കിന്റെ ഭാര്യ വർഷയാണ്.
”ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ മൂന്ന് വട്ടം തുമ്മി, വെള്ളം ചോദിച്ചു, കൊണ്ടു വന്നപ്പോഴേക്കും എൻ്റെ ദേഹത്തേക്ക് കുഴഞ്ഞു വീണു, അനക്കമൊന്നുമില്ല. ഉടൻ തന്നെ അടുത്തുള്ള ചേട്ടൻമാരെ വിളിച്ചു. അവർ വന്ന് എടുക്കുമ്പോഴേക്കും വായിൽക്കൂടെയൊക്കെ ഒലിക്കുന്നുണ്ടായിരുന്നു. കൈയൊക്കെ വിറക്കുന്നുണ്ട്. അപ്പോഴേക്കും ഞാൻ പേടിച്ചു. ആ ചേട്ടൻമാർ വന്ന് നെഞ്ചിന് ഉഴിഞ്ഞപ്പോൾ ഛർദ്ദിച്ചു. കണ്ണൊന്നും തുറന്നിട്ടല്ല ഛർദ്ദിച്ചത്”, എന്നണ് വർഷ പറഞ്ഞത്.
തുടർന്നു നടന്ന കാര്യങ്ങൾ കാർത്തിക്കും വിശദീകരിച്ചു. ”ആശുപത്രിയിൽ പോകാം എന്ന് പറഞ്ഞത് എനിക്ക് ഓർമയുണ്ട് .നേരെ കാറിൽ കയറി പോകുന്ന വഴിക്ക് മൂന്നാല് വട്ടം ഛർദ്ദിച്ചു. ആശുപത്രിയിൽ എത്തി അവിടെ ചെന്ന് ഡ്രിപ്പ് ഇട്ടു. പിന്നെ എക്സ്റേ എടുത്ത്, എക്കോ, ബ്ലഡ് ടെസ്റ്റ് എല്ലാം ചെയ്ത് അവസാനം മനസിലായി ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോൾ തുമ്മിയപ്പോൾ ഭക്ഷണം ശ്വാസകോശത്തിലേക്കെത്തി ബ്രെയിനിലോട്ടുള്ള ഓക്സിജൻ ഫ്ലോ കട്ടായി പോയത് കാരണമാണ് ഇത് സംഭവിച്ചതെന്ന്. അവസാനം ഛർദ്ദിച്ചപ്പോളേക്കും തൊണ്ടയൊക്കെ മുറിഞ്ഞ് ചെറുതായി രക്തമൊക്കെ വന്നിരുന്നു. ശരിക്കും അവശനായിപ്പോയി. മനുഷ്യശരീരം എന്ത് ഫ്രെജൈൽ ആണെന്ന് തോന്നി”, എന്നും കാർത്തിക് പറഞ്ഞു



