ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണം ദേവസ്വം വകുപ്പ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനിലേയ്ക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണം ദേവസ്വം വകുപ്പ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനിലേയ്ക്കും. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി ) കടകംപള്ളി സുരേന്ദ്രനെതിരെ കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി നിർണായക മൊഴി നൽകി.അന്യസംസ്ഥാന സ്‌പോണസർമാരെ ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളിയാണെന്നാണ് പോറ്റിയുടെ മൊഴി. രമേശ് റാവു, ഗോവർദ്ധൻ എന്നിവർക്ക് എല്ലാ സഹായവും ചെയ്യണമെന്ന് നിർദേശം നൽകിയത് മുൻ മന്ത്രിയാണെന്നും പോറ്റി വ്യക്തമാക്കി.
ഹെെക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോർട്ടിലും ഇക്കാര്യം പരാമർശിക്കുന്നുണ്ട്. സ്‌പോൺസർമാരുടെ മൊഴിയിലും മുൻ മന്ത്രിയെ പരിചപ്പെട്ട കാര്യം പറയുന്നുണ്ട്.തന്നെ കള്ളക്കേസിൽ കുടുക്കാൻ കടകംപള്ളി സുരേന്ദ്രൻ ശ്രമിച്ചെന്ന് ആരോപിച്ച് ഉണ്ണികൃഷ്ണൻ പോറ്റി ഇന്നലെ ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു. അടുത്തിടെ കഴക്കൂട്ടം സ്വദേശിയായ പ്രതിഭ എന്ന സ്ത്രീ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളിയാണെന്നും പോറ്റി ആരോപിച്ചു.
ശബരിമല സ്വർണക്കവർച്ച കേസിൽ താൻ പുറത്തിറങ്ങുന്നത് തടയാൻ കടകംപള്ളി ശ്രമിക്കുകയാണെന്നും വിഷയത്തിൽ അന്വേഷണം വേണമെന്നും പോറ്റി ആവശ്യപ്പെടുന്നു.എന്നാൽ താൻ ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വ്യാജ പ്രചരണമാണ് നടക്കുന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത് സത്യമല്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. തന്നെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



