മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കൊടുവിൽ 14കാരന്റെ കൈ വളഞ്ഞതായി പരാതി

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കൊടുവിൽ 14കാരന്റെ കൈ വളഞ്ഞുപോയ സംഭവത്തിൽ വിചിത്ര വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട്. ചികിത്സിച്ചില്ലെങ്കിലും കുട്ടിയുടെ കൈ തനിയെ ശരിയാകുമായിരുന്നു. ഡോക്‌ടർമാരുടെ കുറവടക്കം എല്ലാം പരിഹരിക്കാൻ കാത്തിരിക്കണം. ഒട്ടേറെ പരിമിതികളുള്ള ആശുപത്രി ശരിയാകാൻ ഇനിയും കാത്തിരിക്കണമെന്നുമായിരുന്നു സൂപ്രണ്ട് ഡോ. ഷാജി പറഞ്ഞത്.

ഓർത്തോവിഭാഗത്തിലെ രണ്ടരമാസത്തെ ചികിത്സയ്ക്കൊടുവിലാണ് തൻസീർ എന്ന കുട്ടിയുടെ വലതുകൈ വളഞ്ഞുപോയത്. ചികിത്സാപ്പിഴവ് ആരോപിച്ച് ആരോഗ്യവകുപ്പിനെതിരെ നിയമനടപടി ശക്തമാക്കാനൊരുങ്ങുകയാണ് കുട്ടിയുടെ കുടുംബം. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പൊലീസ് തിരിഞ്ഞുനോക്കുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.

കോന്നി മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കൊടുവിൽ വളഞ്ഞുപോയ കൈ കോന്നിയിലെതന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചാണ് ശരിയാക്കിയത്. സംഭവത്തിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. ചികിത്സാപ്പിഴവിൽ നടപടിയാവശ്യപ്പെട്ട് പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് ഇരച്ചുകയറി. സൂപ്രണ്ടിനെ ഉപരോധിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *